Flash News

യുഎഇയില്‍ 8000 വര്‍ഷം പഴക്കമുള്ള ഗ്രാമത്തിന്റെ അവശിഷ്ടം കണ്ടെത്തി

അബൂദബി: യുഎഇയില്‍ 8000 വര്‍ഷം പഴക്കമുള്ള ഗ്രാമത്തിന്റെ അവശിഷ്ടം കണ്ടെത്തി. മറവ ദ്വീപിനോട് ചേര്‍ന്നാണ് അബൂദബി പുരാവസ്തു ഗവേഷകര്‍ അതിപുരാതനമായ ഗ്രാമാവശിഷ്ടം കണ്ടെത്തിയത്.
റേഡിയോ കാര്‍ബണ്‍ പരിശോധനയില്‍ ഇത് നവശിലായുഗത്തില്‍ നിര്‍മിക്കപ്പെട്ടതാണെന്ന് വ്യക്തമായതായി ഗവേഷകര്‍ അറിയിച്ചു. നന്നായി പരിചരിച്ച തരത്തിലുള്ള വീടുകളാണ് ഇവിടെ നിന്നു കണ്ടെത്തിയത്.  ഈ വീടുകള്‍ക്ക് 100 വര്‍ഷത്തോളം ആയുസ്സ് ഉണ്ടായിരുന്നിരിക്കണമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
നിരവധി മുറികളുള്ള വീടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സ്ഥലവും മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള പ്രത്യേകയിടങ്ങളും ഉണ്ട്. 10ഓളം വീടുകളാണ് ഈ ഗ്രാമത്തില്‍ നിന്നു കണ്ടെത്തിയത്. ഇതുവരെ കണ്ടെത്താനായ വീടുകളുടെ മാതൃകകളിലെല്ലാം സമാനതകളുണ്ടെന്നും പര്യവേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഒരു കാര്‍ഷിക സംസ്‌കാരം ഉടലെടുക്കുന്ന കാലമായാണ് ഈ ഗ്രാമസാഹചര്യത്തെ വിലയിരുത്തുന്നത്.
യുഎഇയെക്കുറിച്ച് ഇന്നേ വരെ ലഭ്യമല്ലാത്ത ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നതെന്നു അബൂദബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറഖ് വ്യക്തമാക്കി. ഇതേക്കുറിച്ചുളള പഠനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it