World

യമന്‍: സഖ്യസേന മുന്നേറുന്നു; ലക്ഷ്യം ഹുദൈദ വിമാനത്താവളം

ഏദന്‍: യമനിലെ കിഴക്കന്‍ ഭാഗത്തിലൂടെ സഖ്യസേനയുടെ പിന്തുണയോടെ യെമന്‍ സൈന്യം മുന്നേറുന്നു. ഹൂഥി അധീനപ്രദേശങ്ങളില്‍ 16 കിലോമീറ്ററോളം യമന്‍ സൈന്യം പ്രവേശിച്ചിട്ടുണ്ട്. ഹുദൈദ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണു സൈന്യത്തിന്റെ മുന്നേറ്റം.
വിമാനത്താവളത്തിന് ചുറ്റിലുമുള്ള സ്ഥലങ്ങളിലെ ഹൂഥി ആയുധസംഭരണ കേന്ദ്രങ്ങള്‍ സഖ്യസേനാ വ്യോമാക്രമണത്തില്‍ തരിപ്പണമായെന്ന് യമന്‍ സൈന്യം അവകാശപ്പെട്ടു. നിലവില്‍ ഹൂഥികള്‍ സൈനിക ക്യാംപായി ഉപയോഗിക്കുന്ന കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിയുടെ വീട് ലക്ഷ്യമാക്കിയും സഖ്യസേന കനത്ത ആക്രമണം നടത്തി. അല്‍ഹാലി ഗവര്‍ണറേറ്റിലെ ജിബാനയില്‍ തീരദേശത്തെ ഹൂഥി സങ്കേതങ്ങള്‍ കേന്ദ്രീകരിച്ചും സഖ്യസേനയുടെ തുടര്‍ച്ചയായ ആക്രമണമുണ്ടായി. തന്ത്രപ്രധാനമായ ഹുദൈദ അന്താരാഷ്ട്ര വിമാനത്താവളം ഹൂഥി മിലീഷ്യകളില്‍നിന്ന് പിടിച്ചെടുത്തതിന് ശേഷം താമസമേഖലകളിലേക്കുള്ള മുഴുവന്‍ നടപ്പാതകളും തുറന്നതായി യമന്‍ സൈന്യം അറിയിച്ചു.
സൗദി നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക സഖ്യസേനയുടെ പിന്തുണയോടെ ആറ് ദിവസങ്ങളിലായി നടന്ന പോരാട്ടത്തില്‍ ഇതുവരെ 500 ഓളം ഹൂഥികള്‍ കൊല്ലപ്പെട്ടതായാണ് സൂചന. യുദ്ധം രൂക്ഷമാവുമ്പോള്‍ ആളുകള്‍ രക്ഷപ്പെടുന്നതിന് തടയിടാന്‍ ഹൂഥികള്‍ നഗരത്തിന്റെ പലഭാഗങ്ങളിലായി കിടങ്ങുകള്‍ കുഴിക്കുകയും മണ്‍കൂനകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു.
മനുഷ്യകവചമായി സാധാരണക്കാരെ ഉപയോഗപ്പെടുത്തുന്ന ഹീന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഹുദൈദയിലെ പ്രധാന നിരത്തുകളില്‍ ഉള്‍പ്പെടെ ഹൂഥികള്‍ തടസ്സം സൃഷ്ടിച്ചത്. എങ്കിലും സുരക്ഷയ്ക്ക് സഖ്യസേന കൃത്യമായ പദ്ധതി ആസൂത്രണം ചെയ്തതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചില്ലെന്നാണ് റിപോര്‍ട്ട്.
എതിരാളികളുടെ മുന്നേറ്റം തടയുന്നതിന് ഹൂഥികള്‍ സ്ഥാപിച്ച മൈനുകളും മറ്റു സ്‌ഫോടകവസ്തുക്കളും നിര്‍വീര്യമാക്കിയതായും ആയുധംവച്ച് കീഴടങ്ങുന്നതിന് ഹൂഥികള്‍ക്ക് അവസരം ഒരുക്കിയതായും സൈന്യം അറിയിച്ചു.
Next Story

RELATED STORIES

Share it