മോഷണക്കുറ്റം ആരോപിച്ച് ഇറക്കിവിട്ട വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചു

വണ്ടിപ്പെരിയാര്‍: മോഷണക്കുറ്റം ആരോപിച്ച് സഹപാഠികളുടെ മുന്നില്‍വച്ചു സ്‌കൂള്‍ അധികൃതര്‍ അധിക്ഷേപിച്ച് ഇറക്കിവിട്ടതില്‍ മനംനൊന്ത് 10ാം ക്ലാസുകാരന്‍ ആത്മഹത്യക്കു ശ്രമിച്ചു. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും മാനസിക പീഡനമാണ് കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിനു പിന്നിലെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്.
വണ്ടിപ്പെരിയാര്‍ ടൗണിലെ പ്രമുഖ മാനേജ്‌മെന്റ് ഹൈസ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വിഷം കഴിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിദ്യാര്‍ഥിയുടെ പിതാവ് പറയുന്നത് ഇങ്ങനെ: ദിവസങ്ങള്‍ക്കു മുമ്പ് സ്‌കൂളില്‍ നടന്ന മോഷണക്കുറ്റം തന്റെ മകന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ ആരോപിക്കുകയും ഇതിന്റെ പേരില്‍ സ്‌കൂളിലെത്താന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയും സുഹൃത്തുക്കളും തമ്മില്‍ ഇതേച്ചൊല്ലി പരസ്പരം ചോദ്യം ചെയ്യലുണ്ടായി. ഇതു കണ്ടുനിന്ന അധ്യാപകരില്‍ ചിലര്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു. സഹപാഠികളുടെ മുന്നില്‍ വച്ചു വീണ്ടും അധിക്ഷേപിക്കുകയും രാവിലെ 10.30ഓടെ സ്‌കൂളില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു. ഈ സമയം വീട്ടില്‍ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവ് പുറത്തുപോയ സമയത്താണ് കുട്ടി വിഷം കഴിച്ച് ആത്മഹത്യ—ക്കു ശ്രമിച്ചത്. സമാനമായ രീതിയില്‍ കുട്ടിയെ മാനസികമായി നിരവധി തവണ പീഡിപ്പിച്ചിരുന്നതായും പിതാവ് ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളുമായി കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്ത് വെള്ളം വീണ് വസ്ത്രങ്ങള്‍ നനഞ്ഞു. പൊരിവെയിലത്ത് നിര്‍ത്തി വസ്ത്രങ്ങള്‍ ഉണങ്ങിയ ശേഷമാണ് ക്ലാസിനുള്ളിലേക്ക് കയറ്റിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജ്‌മെന്റ് പ്രതിനിധി, രണ്ട് അധ്യാപകര്‍ എന്നിവര്‍ക്കെതിരേയാണ് പിതാവ് പോലിസില്‍ മൊഴി നല്‍കിയിരിക്കുന്നത്. മോഷണം നടത്തിയിട്ടില്ലെന്നു പ്രിന്‍സിപ്പലിനോട് പറഞ്ഞിരുന്നതായും കുട്ടി പറയുന്നു. വണ്ടിപ്പെരിയാര്‍ പോലിസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it