മോദി ഭരണവും കോണ്‍ഗ്രസ് തൊമ്മികളും

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
കോവന്‍ തമിഴ് കവിയും നാടന്‍പാട്ടുകാരനുമാണ്. കഴിഞ്ഞദിവസം കവിയെ പോലിസ് അറസ്റ്റ് ചെയ്തു. കുറ്റം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി പാട്ടു പാടി.
പാട്ടു കേട്ടാല്‍ കോപം തിളയ്ക്കുന്ന സ്വഭാവമാണ് ഇപ്പോള്‍ സംഘപരിവാരത്തിന്. അതുകൊണ്ടാണ് തമിഴ്‌നാട്ടിലെ യുവമോര്‍ച്ചക്കാരന്റെ പരാതി കിട്ടിയപാടെ പോലിസ് കവിയെ പൊക്കിയത്. ഇനിയും പാട്ടു പാടിയാല്‍ ഹിംസിച്ചുകളയും എന്നാണ് പോലിസിന്റെ നിലപാട്.
കോവന്റെ പാട്ട് രാമരാജ്യത്തെക്കുറിച്ചാണ്. മോദിരാജ്യമുള്ളപ്പോള്‍ രാമരാജ്യത്തെ വേറെ അന്വേഷിക്കേണ്ടതുണ്ടോ എന്നാണ് കവി ചോദിക്കുന്നത്. രാമന്‍ മഹാപുരുഷനാണ്. അദ്ദേഹം ഭാര്യയെ കാട്ടിലെറിഞ്ഞു. അതുതന്നെയല്ലേ മോദിയും ചെയ്തത്?
രാമന്‍ പണ്ടു കാട്ടില്‍ പോയപ്പോള്‍ നാട്ടിലെ സിംഹാസനത്തില്‍ രാജ്യഭരണം നടത്താനായി പാദുകങ്ങളാണ് ബാക്കിവച്ചത്. മോദിഭരണത്തിലും സ്ഥിതി അപ്രകാരം തന്നെ. മോദി ഊരുചുറ്റുമ്പോള്‍ ഇന്ദ്രപുരത്തില്‍ നടക്കുന്നത് പാദുകഭരണം. തന്റെ സ്വന്തം നാടായ തമിഴ്‌നാട്ടിലും ഭരിക്കുന്നത് പാദുകങ്ങള്‍ തന്നെയെന്ന് കവി പറയുന്നു.
അങ്ങനെയങ്ങനെ രാമരാജ്യത്തിലെ അതേ അവസ്ഥ തന്നെയാണ് മോദിഭരണത്തിലും എന്നാണ് കവി കണ്ടെത്തിയത്. അതു കേട്ടിട്ട് സംഘപരിവാരക്കാരന് എന്തിനു കോപമെന്ന് തിരിച്ചറിയുന്നില്ല. ഒരുപക്ഷേ, രാമരാജ്യം അത്ര പെട്ടെന്ന് വരേണ്ടതില്ല എന്നാവുമോ അവരുടെ മനസ്സിലിരിപ്പ്?
ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. മോദിഭരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ ദണ്ഡനീതിയിലേക്കാണ് രാജ്യഭരണരീതികള്‍ പോവുന്നത്. അതും ഭാരതീയ പൈതൃകം തന്നെ. ഭരിക്കുന്നയാള്‍ ഭരണം നന്നായി നടത്താന്‍ പ്രയോഗിക്കേണ്ട വിദ്യകള്‍ നാലാണ്: സാമം, ദാനം, ഭേദം, ദണ്ഡം. ആദ്യത്തെ മൂന്നും പരാജയപ്പെട്ടാല്‍ അവസാനം പ്രയോഗിക്കാനുള്ളതാണ് ദണ്ഡം.
പക്ഷേ, മോദിഭരണത്തില്‍ ആദ്യത്തെ മൂന്നും പ്രയോഗിച്ചതായി നാട്ടുകാര്‍ക്ക് ബോധ്യമല്ല. സാമവും ദാനവും എന്നാല്‍ മാന്യമായ പെരുമാറ്റവും നാട്ടുകാര്‍ക്കു വേണ്ടത് വാരിക്കോരി കൊടുക്കലുമാണ്. മാന്യമായ പെരുമാറ്റം സംഘികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അവര്‍ എതിരാളികളോട് തട്ടിക്കേറിയാണ് ശീലിച്ചിട്ടുള്ളത്. അരി ചോദിച്ചാല്‍ അടി കൊടുക്കുകയെന്നതാണ് മോദിഭരണത്തിന്റെ രീതി. പണി ചോദിച്ചാല്‍ എന്താണ് കിട്ടുകയെന്ന് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരോട് ചോദിച്ചാല്‍ മതി.
കാര്യങ്ങള്‍ അങ്ങനെ വഷളായിവന്നത് കൃത്യം തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാന്‍ കച്ചകെട്ടിയ നേരത്താണ്. ഇനി അധികം സമയമില്ല പൊതുതിരഞ്ഞെടുപ്പിന്. നാട്ടിലെ സ്ഥിതിഗതികള്‍ നോക്കിയാല്‍ മോദിഭരണ മാഹാത്മ്യം തലയ്ക്കു വെളിവുള്ള ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. അമിട്ടുഷാജിയുടെ പൊടിക്കൈകള്‍ എത്രമാത്രം ഫലിക്കുമെന്നും പിടിയില്ല. ആകപ്പാടെ സംഗതി സസ്‌പെന്‍സിലേക്കു നീങ്ങുകയാണ്. കര്‍ണാടക കഴിഞ്ഞാല്‍ വേറെയും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കും. ഇവിടങ്ങളില്‍ എന്തു സംഭവിക്കുന്നു എന്നത് പൊതുതിരഞ്ഞെടുപ്പിന്റെ പോക്ക് മുന്നോട്ടാവും എന്നതിന്റെ ലക്ഷണമായിരിക്കും.
മോദിക്കും സംഘത്തിനും പേടി തുടങ്ങിയിരിക്കുന്നു എന്നതിനു ലക്ഷണങ്ങള്‍ ധാരാളമുണ്ട്. കോണ്‍ഗ്രസ് വെറും ഗ്യാസ്, രാഹുല്‍ വെറും പപ്പു എന്ന മട്ടിലൊക്കെയുള്ള അടിയായിരുന്നു ഇത്രയുംകാലം. അങ്ങനെ വഴിയേ പോകുന്നവരെ കുറ്റംപറഞ്ഞ് കാര്യം കാണാന്‍ സോഷ്യല്‍ മീഡിയയില്‍ വങ്കന്മാരെ ഇറക്കിവിട്ടാല്‍ മതി. അതിനു കൂലിപ്പണിക്ക് ആളെ കിട്ടാനുണ്ട്.
പക്ഷേ, സോഷ്യല്‍ മീഡിയയല്ല ഇന്ത്യാ മഹാരാജ്യം എന്നത് വൈകിയാണെങ്കിലും മോദിക്കും തിരിഞ്ഞുവരുന്നുണ്ട്. നാട്ടില്‍ പഴയപോലെ സ്വീകരണം ഗംഭീരമല്ല. ഈയിടെ നടന്ന പല പൊതുയോഗങ്ങളിലും ആളുകള്‍ കമ്മി. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ സംഘപരിവാര പരീക്ഷണശാലയായിരുന്ന കര്‍ണാടകയില്‍ ഇപ്പോള്‍ മോദിറാലികള്‍ക്കുപോലും ആളു കുറവ്. സിദ്ധരാമയ്യയെ പൂട്ടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അഭിപ്രായ സര്‍വേകളില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ്.
രാഹുല്‍ജിയാണെങ്കില്‍ പഴയ പപ്പുവല്ല. കക്ഷി ശക്തനായ യുവനേതാവിന്റെ സ്വഭാവത്തിലാണ് ആഞ്ഞടിക്കുന്നത്. സമീപകാലത്താണ് രാഹുല്‍ജി ഇങ്ങനെയൊരു പുതിയ വിശ്വരൂപം കാണിക്കാന്‍ തുടങ്ങിയത്. മോദിയുടെ അമ്പത്താറിഞ്ച് നെഞ്ചും നാല്‍പ്പത്തെട്ടു മുഴം നാക്കും രാഹുല്‍ജിയുടെ മേല്‍ ഏശുന്നില്ല.             ി
Next Story

RELATED STORIES

Share it