മോദിയോട് ഇടഞ്ഞ തൊഗാഡിയയുടെ സ്ഥാനം തെറിച്ചു

ഗുഡ്ഗാവ്: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇടഞ്ഞുനില്‍ക്കുന്ന വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ സ്ഥാനം തെറിച്ചു. മോദിയുടെ വിശ്വസ്തനും ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണറുമായ വിഷ്ണു സദാശിവ കോക്‌ജെയാണ് പുതിയ വിശ്വഹിന്ദ് പരിഷത്ത് (വിഎച്ച്പി) വര്‍ക്കിങ് പ്രസിഡന്റ്. മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുവരുന്ന തൊഗാഡിയയെ നേതൃപദവിയില്‍നിന്ന് നീക്കാന്‍ സംഘപരിവാരം നേരത്തേ ശ്രമം തുടങ്ങിയിരുന്നു. ഗുഡ്ഗാവില്‍ ആരംഭിച്ച വിഎച്ച്പി സമ്മേളനത്തില്‍ സംഘടനയുടെ അന്തര്‍ദേശീയ പ്രസിഡന്റും തൊഗാഡിയയുടെ വലംകൈയുമായ രാഘവറെഡ്ഡി പരാജയപ്പെട്ടതാണ് തൊഗാഡിയയുടെ സ്ഥാനം തെറിപ്പിച്ചത്. കോക്‌ജെയ്ക്ക് 131 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാഘവ റെഡ്ഡിക്ക് 60 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. ആകെ 192 വോട്ടുകളില്‍ ഒന്ന് അസാധുവായി.
അതേസമയം, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു. തൊഗാഡിയയെ ഒഴിവാക്കുന്നതിന്റെ ഭാഗമായി തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ആര്‍എസ്എസ് നേതൃത്വം ഗൂഢാലോചന നടത്തുന്നതായി രാഘവറെഡ്ഡി നേരത്തെ ആരോപിച്ചിരുന്നു. സംഘടനയുടെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു രാഘവറെഡ്ഡിയുടെ ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള  അംഗ പട്ടികയിലേക്ക് 37 വ്യാജവോട്ടര്‍മാരെ തിരുകിക്കയറ്റിയെന്നായിരുന്നു തൊഗാഡിയ പക്ഷം ആരോപിച്ചത്. വ്യാജ ഏറ്റുമുട്ടലിലൂടെ മോദി തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി നേരത്തേ തൊഗാഡിയ ആരോപിച്ചിരുന്നു.
തോല്‍വിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16 മുതല്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് തൊഗാഡിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമില്‍ വച്ചായിരുന്നു വിഎച്ച്പി തിരഞ്ഞെടുപ്പ്.
കഴിഞ്ഞ 52 വര്‍ഷത്തിനിടെ ആദ്യമായാണ് വിഎച്ച്പി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it