മോദിയുടെ സ്വന്തം അസ്താനയ്‌ക്കെതിരേ പത്രക്കുറിപ്പുമായി സിബിഐ

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പോര് മറ നീക്കി പുറത്ത്. അസ്താനയ്‌ക്കെതിരേ അലോക് വര്‍മ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. അസ്താനയ്‌ക്കെതിരേ ആറു കേസുകളില്‍ സിബിഐ അന്വേഷണം നടത്തിവരികയാണെന്നാണു വാര്‍ത്താക്കുറിപ്പ്. സിബിഐ ഡയറക്ടര്‍ ആലോക് വര്‍മയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയാണ് അസ്താനയെന്നും ഡയറക്ടര്‍ക്കെതിരേ അടിസ്ഥാനമില്ലാത്ത പരാതികള്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര വിജിലന്‍സ് കമ്മീഷനും (സിവിസി) നല്‍കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനാണ് അസ്താന. 2016ല്‍ അന്നത്തെ ഡയറക്ടറായ അനില്‍ സിന്‍ഹ വിരമിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ, തദ്സ്ഥാനത്തേക്കു സാധ്യത കല്‍പ്പിക്കപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍ കെ ദത്തയെ മാറ്റിയാണു ഡിസംബര്‍ രണ്ടിന് സിബിഐയുടെ ഇടക്കാല ഡയറക്ടറായി അസ്താനയെ സര്‍ക്കാര്‍ നിയമിച്ചത്. സീനിയോരിറ്റി പ്രകാരം ദത്തയ്ക്ക് ലഭിക്കേണ്ട പദവിയായിരുന്നു അത്. നിയമപ്രകാരം മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്റെ സേവനം വെട്ടിച്ചുരുക്കുന്നതിനു മുമ്പ് സിവിസി, വിജിലന്‍സ് കമ്മീഷണര്‍മാര്‍, ആഭ്യന്തര മന്ത്രലയം സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയുടെ അനുമതി വാങ്ങണം. എന്നാല്‍ ഇതെല്ലാം അസ്താനയുടെ നിയമനത്തിലുണ്ടായില്ല.
നിയമനം നടന്നു മാസങ്ങള്‍ക്കകം തന്നെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഏജന്‍സിയുടെ നടപടികളില്‍ അസ്താന ഇടപെടുകയാണെന്ന ആരോപണം ഉയര്‍ന്നു. തനിക്കെതിരായ സിബിഐ മുമ്പാകെയുള്ള കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനും അസ്താന ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.
സിബിഐയില്‍ ഡയറക്ടറെയും മറികടക്കുന്ന സമാന്തര അധികാര കേന്ദ്രമായി അസ്താന മാറുന്നതിനെതിരേ നേരത്തെയും അലോക് വര്‍മ രംഗത്തുവന്നിരുന്നു. സിബിഐയുടെ അന്വേഷണങ്ങളില്‍ അലോക് വര്‍മ ഇടപെടുന്നെന്നാരോപിച്ച് അസ്താന കാബിനറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയതാണ് ഏറ്റവുമൊടുവില്‍ അലോക് വര്‍മയെ ചൊടിപ്പിച്ചത്. സ്ഥാനക്കയറ്റത്തിനായി ഉദ്യോഗസ്ഥരുടെ ശേഷി വിലയിരുത്തുന്ന പ്രക്രിയയുടെ ഭാഗമായി ജൂണില്‍ അസ്താനയ്‌ക്കെതിരേ ആറു തവണയാണു പ്രധാനമന്ത്രിക്കു കീഴിലുള്ള ഉദ്യോഗസ്ഥ പരിശീലന വകുപ്പിലേക്കു പരാതി പോയത്. എന്നാല്‍, ഇതിനോട് പ്രതികരിക്കവെ ഏജന്‍സിയുടെ അന്വേഷണ നടപടികളില്‍ ഇടപെടുകയാണെണു ചൂണ്ടിക്കാട്ടി അലോക് വര്‍മയ്‌ക്കെതിരേ സര്‍ക്കാരിനു പരാതി നല്‍കുകയാണ് അസ്താന ചെയ്തത്.
2015-2016ല്‍ ഗുജറാത്ത് ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ നിന്നു കൈക്കൂലി വാങ്ങിയതിനു മൂന്നു മുതിര്‍ന്ന ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ 2011ലെ ഡയറിയും കണ്ടെടുത്തു. ഈ ഡയറിയില്‍ രാകേഷ് അസ്താനയുടെ പേരും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അസ്താനയെ സിബിഐ അഡീഷനല്‍ ഡയറക്ടര്‍ പദവിയില്‍ നിന്നു സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ (സിവിസി) എതിര്‍ക്കുകയുമുണ്ടായി.
Next Story

RELATED STORIES

Share it