മോദിമുക്ത ഇന്ത്യക്ക് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന

മുംബൈ: മോദിമുക്ത ഇന്ത്യക്ക് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാനും മോദിമുക്ത ഭാരതം യാഥാര്‍ഥ്യമാക്കാനും പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണമെന്ന് താക്കറെ ആവശ്യപ്പെട്ടു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ എംഎന്‍എസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജവാഗ്ദാനങ്ങളില്‍ രാജ്യം നിരാശയിലാണെന്നും രാജ് താക്കറെ പറഞ്ഞു. ഇന്ത്യയുടെ മൂന്നാം സ്വാതന്ത്ര്യമാണ് ബിജെപി സര്‍ക്കാരിനെ താഴെയിറക്കുന്നതിലൂടെ യാഥാര്‍ഥ്യമാവുക. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. 1977ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടാം സ്വാതന്ത്ര്യം ലഭിച്ചുവെന്നും 2019ല്‍ ഇന്ത്യ മോദിമുക്തമായാല്‍ മൂന്നാം സ്വാതന്ത്ര്യം ലഭിക്കുമെന്നും താക്കറെ പറഞ്ഞു.
മോദിയുടെ വിദേശയാത്രകള്‍ കൊണ്ട് പുതിയ നിക്ഷേപമൊന്നും ലഭിച്ചില്ലെന്നും പക്കോഡയുണ്ടാക്കുന്നതിനുള്ള ചേരുവകള്‍ വാങ്ങാന്‍ വേണ്ടിയുള്ളവയാവാം അവയെന്നും താക്കറെ പരിഹസിച്ചു.
ടോയ്‌ലറ്റ്: ഏക് പ്രേം കഥ, പാഡ്മാന്‍ തുടങ്ങിയ സിനിമകള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണങ്ങളുടെ ഭാഗമാണ്. ബോളിവുഡ് താരം ശ്രീദേവിയുടെ മരണവാര്‍ത്തയ്ക്ക് മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കിയത് സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ്. പഞ്ചാബ് നാഷനല്‍ ബാങ്ക് അഴിമതിയില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്നതിനായാണ് സര്‍ക്കാര്‍ ഈ തന്ത്രം പ്രയോഗിച്ചതെന്നും താക്കറെ പറഞ്ഞു.
Next Story

RELATED STORIES

Share it