Articles

മോദിഭരണത്തിനെതിരേ അപസ്വരങ്ങള്‍

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
ഇത്തവണ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്ന അതേ സമയത്താണ് രാജസ്ഥാനിലെയും ബംഗാളിലെയും ഉപതിരഞ്ഞെടുപ്പു വിവരങ്ങളും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് രാജസ്ഥാനില്‍ തൂത്തുവാരി. ബിജെപിയുടെ മൂന്നു സീറ്റുകളാണ് അവര്‍ പിടിച്ചെടുത്തത്. ബംഗാളില്‍ മമതയുടെ തൃണമൂല്‍ ബിജെപിയെ പിന്തള്ളി എത്രയോ കാതം മുന്നോട്ടുപോയി.
ബജറ്റിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ ഈ ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ രാജ്യം വേണ്ടവിധം ചര്‍ച്ച ചെയ്യാതെ പോയി. പക്ഷേ, അതുകൊണ്ടു മാത്രം രാജ്യത്തെ ജനങ്ങളുടെ കൃത്യമായ ജനവിധി അപ്രത്യക്ഷമാവുമെന്നു കരുതാന്‍ വയ്യ. കാരണം, സമീപകാലത്തെ പ്രധാന തിരഞ്ഞെടുപ്പുകളില്‍ വളരെ കൃത്യമായൊരു സൂചന ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അത് ഇപ്രകാരമാണ്: നഗരങ്ങളിലെ ബിജെപിയുടെ പ്രഭാവമൊന്നുകൊണ്ടു മാത്രം അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല. രാജ്യത്തിന്റെ എല്ലാ മേഖലയിലും ഗ്രാമീണ ജനങ്ങള്‍ അവരുടെ ഭരണത്തിനെതിരായി തിരിയുകയാണ്. ദുര്‍ഭരണം തന്നെയാണ് പ്രശ്‌നം. അതിന്റെ കടുത്ത ഭാരം പക്ഷേ ഏറ്റെടുക്കേണ്ടിവന്നത് ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളാണ്. അവര്‍ തങ്ങള്‍ക്കു കിട്ടിയ ഓരോ സന്ദര്‍ഭത്തിലും പോളിങ്ബൂത്തില്‍ അതിനു കനത്ത തിരിച്ചടി നല്‍കാന്‍ തുടങ്ങിക്കഴിഞ്ഞു എന്നു തീര്‍ച്ച.
രാജസ്ഥാനിലെ ജനവിധി ബിജെപി നേതൃത്വത്തെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ തവണ അര ലക്ഷം വോട്ടും അതിലധികവും നേടി ബിജെപി ജയിച്ച മണ്ഡലങ്ങളിലാണ് ഒരു ലക്ഷവും രണ്ടു ലക്ഷവും ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറിയത്. എന്നുവച്ചാല്‍, ഏതാണ്ട് 10 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ മൂന്നും നാലും ലക്ഷം വോട്ടാണ് അവര്‍ക്കെതിരായി മറിഞ്ഞിരിക്കുന്നത്. ശതമാനക്കണക്ക് നോക്കിയാല്‍ അത് വലിയൊരു ദിശാമാറ്റം തന്നെയാണ് സൂചിപ്പിക്കുന്നത്.
ശരിക്കു പറഞ്ഞാല്‍ ഭരിക്കുന്ന പാര്‍ട്ടിക്കെതിരായി ജനവികാരത്തിന്റെ ഒരു ഓഖി കൊടുങ്കാറ്റ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നു തീര്‍ച്ച. അടുത്ത പൊതുതിരഞ്ഞെടുപ്പിനു കഷ്ടിച്ച് ഒരു വര്‍ഷം മാത്രം ബാക്കിയുള്ള നേരത്താണ് ഈ കടുത്ത ജനവികാരം പൊട്ടിപ്പുറപ്പെട്ടുവരുന്നതെന്നും ഓര്‍ക്കണം. അതു രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഫലിക്കുന്നുമുണ്ട്.
എങ്ങനെ പ്രതിരോധിക്കുമെന്ന പ്രശ്‌നം സംഘപരിവാരത്തെ അലട്ടുന്നുണ്ട്. എവിടെയാണ് പിഴച്ചെതന്ന ചോദ്യവും അവര്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി നരേന്ദ്ര മോദിയും അമിട്ട്ഷാജിയും തിരുവായ്ക്ക് എതിര്‍വായില്ലാത്ത തമ്പുരാക്കന്മാരെപ്പോലെയാണ് ബിജെപിയില്‍ പെരുമാറിവന്നത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലോക്‌സഭയില്‍ കിട്ടിയതിന്റെ ഹുങ്കില്‍ അവര്‍ പ്രതിപക്ഷത്തെ മാത്രമല്ല ചവിട്ടിത്താഴ്ത്തിയത്. ബിജെപിയിലെത്തന്നെ പിന്‍ബെഞ്ചുകാര്‍ക്ക് കഴിഞ്ഞ നാലു വര്‍ഷമായി യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. അവര്‍ വായില്‍ വിരല്‍ വച്ച് ഓച്ഛാനിച്ചുനിന്നാണ് പാര്‍ട്ടി മേലാളരെ നേരിട്ടത്.
എതിരായി എന്തെങ്കിലും മിണ്ടിയാലുള്ള അവസ്ഥയെന്തെന്ന് ശത്രുഘ്‌നന്‍ സിന്‍ഹയുടെയും യശ്വന്ത് സിന്‍ഹയുടെയും അരുണ്‍ ഷൂരിയുടെയുമൊക്കെ അനുഭവങ്ങളില്‍ നിന്ന് അവര്‍ക്ക് പകല്‍ പോലെ വ്യക്തമായതാണ്. മൂന്നു പേരും ഒരുകാലത്ത് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായിരുന്നു. മോദി വന്ന ശേഷം നിര്‍ദാക്ഷിണ്യം ഒതുക്കിക്കളഞ്ഞു. ഈ മൂന്നു പേരും ഇപ്പോള്‍ പരസ്യമായിത്തന്നെ രംഗത്തുവന്നുകഴിഞ്ഞു.
മോദിയും ഷാജിയും പാര്‍ട്ടിക്ക് വിനയാെണന്നു തുറന്നുപറയാന്‍ അവര്‍ തയ്യാറാവുന്നുണ്ട്. ഭരണത്തിന്റെ രണ്ടാം വര്‍ഷം തുടങ്ങിയപ്പോള്‍ ഷൂരി കാര്യം തുറന്നുപറഞ്ഞു: ''മന്‍മോഹന്‍ജിയുടെ യുപിഎ അജണ്ടയോട് ഒരു പശുവിനെ കൂട്ടിക്കെട്ടിയ പോലെയാണ് മോദി ഭരണം പൊടിപൊടിക്കുന്നത്.'' മോദി മൂന്നാം വര്‍ഷം നോട്ട് നിരോധനത്തിന്റെ ആറ്റംബോംബ് പൊട്ടിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ''ആള്‍ ധീരനാണ്; പക്ഷേ, ആത്മഹത്യയും ധീരതയായിത്തന്നെ പരിഗണിക്കണമല്ലോ'' എന്നാണ്.
ഇപ്പോള്‍ നാലാം വര്‍ഷം തിരിഞ്ഞുനോക്കുമ്പോള്‍ മോദിയുടെ ഭരണപരാജയങ്ങളും ഏകാധിപത്യപരമായ രീതികളും പാര്‍ട്ടിയെ വലിയ കുഴപ്പത്തില്‍ കൊണ്ടുചാടിച്ചിരിക്കുന്നു എന്നു ചിന്തിക്കുന്ന സംഘപരിവാര നേതാക്കള്‍ വര്‍ധിച്ചുവരുകയാണ്. ആര്‍എസ്എസിന്റെ കുറുവടിയുടെ അച്ചടക്കം മാത്രമാണ് കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ നിന്നു പലരെയും പിന്തിരിപ്പിക്കുന്നത്.
പക്ഷേ, കാറ്റ് തിരിഞ്ഞുവീശുകയാണെന്നു തീര്‍ച്ച. ഈ വര്‍ഷം അവസാനം സീറ്റ് ചര്‍ച്ചയും സ്ഥാനാര്‍ഥി നിര്‍ണയവുമൊക്കെ തുടങ്ങുന്നതോടെ മോദിയുടെ എന്‍ഡിഎ സഖ്യത്തില്‍ പൊട്ടിത്തെറികള്‍ ഉയര്‍ന്നുവരുമെന്നു തീര്‍ച്ചയാണ്.              ി
Next Story

RELATED STORIES

Share it