മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യുഎഇയില്‍

ദുബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ പര്യടനം. ദുബയില്‍ നടന്ന പൊതുപരിപാടിയിലാണു മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ പിണറായി വിജയന്‍ ആഞ്ഞടിച്ചത്. വാക്കിന് വിലയില്ലാത്തവര്‍ ഏതു പദവിയില്‍ ഇരുന്നിട്ടും കാര്യമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
പ്രളയാനന്തരം സംസ്ഥാനത്തിന്റെ ദുരിതാശ്വാസത്തിനായി സഹായം അഭ്യര്‍ഥിച്ചുള്ള പര്യടനത്തിനിടെയാണു കേന്ദ്രത്തിന്റെ നിസ്സഹകരണ നടപടികള്‍ക്കെതിരേ മുഖ്യമന്ത്രിയുടെ വിമര്‍ശനം. നമ്മള്‍ വാക്കിനു വിലനല്‍കുന്നവരാണല്ലോ. വാക്കിന് വിലയില്ലാതായാല്‍ ഏത് സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള മലയാളിസമൂഹത്തോട് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായമഭ്യര്‍ഥിക്കാനായി അനുമതി ചോദിച്ചപ്പോള്‍ സൗഹാര്‍ദപൂര്‍വം അനുവദിച്ചിരുന്നു. എന്നാല്‍, മലയാളിസമൂഹത്തോടു മാത്രമല്ല, വിദേശരാജ്യങ്ങളിലെ വിവിധ ചാരിറ്റി ഓര്‍ഗനൈസേഷനില്‍ നിന്നും സഹായം വാങ്ങാമെന്നു പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു യാതൊരുവിധത്തിലുള്ള മറുപടിയും ലഭിക്കാതായി.
മന്ത്രിമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനാനുമതി തടഞ്ഞ നടപടിയാണ് പിണറായിയെ പ്രകോപിപ്പിച്ചത്. എല്ലാ സഹായവും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി പിന്നീട് വാക്കുമാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നമ്മുടെ നാടിനെ തകര്‍ക്കാന്‍ വരുന്ന എല്ലാ ശക്തികളെയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. പുതിയ കേരളം നമ്മള്‍ ഒരുമിച്ച് ഉണ്ടാക്കും- പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it