മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു പ്രായപരിധി നിശ്ചയിക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍

കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ജനിച്ചുവീണ കുട്ടികള്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. സ്‌കൂള്‍തലങ്ങളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യഥേഷ്ടം ഫോണ്‍ ഉപയോഗിക്കുന്നു. ഇതിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പ്രായപരിധി നിര്‍ബന്ധമാക്കണമെന്നും ജോസഫൈന്‍ പറഞ്ഞു. എറണാകുളത്ത് വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
വിവാഹേതര തട്ടിപ്പുകളില്‍ അകപ്പെടുന്ന വനിതകളില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരായ യുവതികളാണെന്ന് കമ്മീഷന്‍ വിലയിരുത്തി. മെഗാ അദാലത്തില്‍ കമ്മീഷന്റെ മുമ്പിലെത്തിയ വിവാഹപൂര്‍വ തട്ടിപ്പു കേസുകളിലെല്ലാം ഇരകളായ സ്ത്രീകള്‍ വിദ്യാസമ്പന്നരാണ്. എംഎ സൈക്കോളജി ഉയര്‍ന്ന മാര്‍ക്കോടെ പാസായ യുവതി രണ്ടു വിവാഹം കഴിച്ചയാളുടെ ചതിയില്‍പ്പെട്ട സംഭവം കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മനുഷ്യന്റെ മാനസിക തലങ്ങളിലൂടെ സഞ്ചരിക്കാന്‍ പഠിച്ച യുവതിക്ക് ഭര്‍ത്താവാകാന്‍ പോകുന്നയാളെ മനസ്സിലാക്കാന്‍ സാധിച്ചില്ല. ഇതിനു സമാനമായ നിരവധി കേസുകളാണ് കമ്മീഷന്‍ പരിഗണിച്ചത്.
മാതാപിതാക്കള്‍ മുന്‍കൈയെടുത്തു നടത്തുന്ന വിവാഹങ്ങളിലും ചതി ഒളിഞ്ഞിരിക്കുന്നു. വിദ്യാസമ്പന്നയായ യുവതിക്ക് രക്ഷാകര്‍ത്താക്കള്‍ മുന്‍കൈയെടുത്തു നടത്തിക്കൊടുത്ത വിവാഹമാണ് ഉദാഹരണമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത് നവവരന്‍ മുങ്ങിയതോടെയാണ് ചതി മനസ്സിലായത്. കൂടുതല്‍ അന്വേഷണം നടത്താന്‍ പോലിസിനു നിര്‍ദേശം നല്‍കിയതായി കമ്മീഷന്‍ അറിയിച്ചു. വനിതാ കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിക്കഴിഞ്ഞു. അധികാരപരിധി നിജപ്പെടുത്തുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങളും രേഖാമൂലം സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി കമ്മീഷന്റെ അധികാരപരിധി ഉയര്‍ത്തുന്നതു സംബന്ധിച്ച ബില്ല് പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫൈന്‍ പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് കമ്മീഷന് ഓഫിസുള്ളത്. കോഴിക്കോട് സോണല്‍ ഓഫിസ് സ്ഥാപിക്കുന്നതോടെ മലബാര്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ കമ്മീഷനെ സമീപിക്കാം. മധ്യകേരളത്തിനായി കൊച്ചിയില്‍ സോണല്‍ ഓഫിസ് സ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it