മൊബൈല്‍ ടിബി ലാബ് 24 മുതല്‍

തിരുവനന്തപുരം: കാര്യക്ഷമമായ ക്ഷയരോഗ നിര്‍ണയ പരിശോധന എല്ലായിടത്തും ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള മൊബൈല്‍ ടിബി ലാബ് വാന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് ഈ വാന്‍ സജ്ജമാക്കിയത്. രണ്ട് മണിക്കൂറിനകം പരിശോധനാഫലം ലഭിക്കും. തികച്ചും സൗജന്യമായ ലാബിന്റെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മരുന്നുകളെ പ്രതിരോധിക്കുന്ന തരം (എംഡിആര്‍/എക്‌സ്ഡിആര്‍) ക്ഷയരോഗം തിരിച്ചറിയുന്നതിനുള്ള സിബിനാറ്റ് സംവിധാനവും വാനില്‍ ലഭ്യമാക്കിയിട്ടുണ്ട്. എയര്‍ കണ്ടീഷന്‍ സൗകര്യം, പരിശോധന കിറ്റ് സൂക്ഷിക്കുന്നതിനുള്ള റഫ്രിജറേറ്റര്‍, വാട്ടര്‍ ടാങ്ക്, മലിനജലം സംഭരിക്കുന്നതിനുള്ള ടാങ്ക്, പരിശോധനാ ഫലം തയ്യാറാക്കി നല്‍കുന്നതിനുള്ള സംവിധാനം എന്നിവയും വാനിലുണ്ട്.
വേണ്ടത്ര പരിശോധനാ സംവിധാനങ്ങളില്ലാത്ത ഉള്‍പ്രദേശങ്ങള്‍, മലയോര പ്രദേശങ്ങള്‍, ആദിവാസി മേഖലകള്‍, യാത്രാസൗകര്യം കുറഞ്ഞ ജനവാസ കേന്ദ്രങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, സാമൂഹിക സുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യ ക്ഷയരോഗ നിര്‍ണയ പരിശോധനകള്‍ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി ശൈലജ അറിയിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി നടന്നുവരുന്ന ഭവനസന്ദര്‍ശനത്തില്‍ പരിശോധനയ്ക്ക് നിര്‍ദേശിക്കപ്പെടുന്നവര്‍ക്കും ഈ മൊബൈല്‍ ലാബിന്റെ സേവനം ലഭ്യമാക്കാം.
ലോക ക്ഷയരോഗ ദിനമായ മാര്‍ച്ച് 24 മുതല്‍ മൊബൈല്‍ ലാബിന്റെ സേവനം ലഭ്യമാവും. എല്ലാവരും ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികളില്‍ പങ്കാളികളാവണമെന്നും 2020ല്‍ കേരളത്തെ ക്ഷയരോഗവിമുക്തമാക്കുക എന്ന ദൗത്യം ഫലപ്രാപ്തിയില്‍ എത്തിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it