palakkad local

മൊബൈല്‍ ടവറിന്റെ വസ്തുനികുതി ലഭിക്കാതെ പഞ്ചായത്തുകള്‍ ്

എം വി വീരാവുണ്ണി
പട്ടാമ്പി: മൊബൈല്‍ ടവറുകളുടെ വസ്തു നികുതി ലഭിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. മാര്‍ച്ച് 31നകം എല്ലാ നികുതികളും പിരിച്ചിരിക്കണമെന്ന് സംസ്ഥാന പഞ്ചായത്ത് ഡയറക്ടരുടെ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പട്ടാമ്പി താലൂക്കിലെ 15 പഞ്ചായത്തുകളില്‍ 12 എണ്ണത്തിലും വിവിധയിടങ്ങളിലായി ടവറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍, സ്ഥലങ്ങളുടെ വസ്തു നികുതിയില്‍ 60 ശതമാനത്തിലധികം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. 10,000 മുതല്‍ 25,000 രൂപവരെ നികുതിയനത്തില്‍ ഓരോ സര്‍വീസ് പ്രൊവൈഡറും അടക്കാനുണ്ട്. നികുതി രണ്ട് ഘഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലമുടമയുമായി മൊബൈല്‍ കമ്പനികള്‍ ഉണ്ടാക്കിയ കരാറാണ് ഇപ്പോള്‍ വില്ലനാകുന്നത്. ചില കമ്പനികള്‍ പ്രതിമാസവും മറ്റു ചിലത് മൂന്നു മാസത്തിലൊരിക്കലുമാണ് വാടക നല്‍കാന്‍ കരാറാക്കിയിട്ടുള്ളത്. വര്‍ഷത്തിലൊരിക്കല്‍ വാടക നല്‍കുന്ന കമ്പനികളുമുണ്ട്. കരാര്‍ പ്രകാരമുള്ള വാടകത്തുകയില്‍ നിന്ന് വസ്തു നികുതി നല്‍കണമെന്നാണ് മൊബൈല്‍ ഫോണ്‍ കമ്പനി അധികൃതര്‍ പറയുന്നത്. എന്നാല്‍ മുന്‍ കാലങ്ങളില്‍ മൊബൈല്‍ കമ്പനികള്‍ നികുതി നല്‍കിയിരുന്നത് കൊണ്ട് അവരില്‍നിന്ന് തന്നെ നികുതി പിരിച്ചെടുക്കാനാണത്രേ സ്ഥലയുടമകള്‍ പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രണ്ട് കൂട്ടര്‍ക്കും നോട്ടീസ് നല്‍കിയിയിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് ഒരു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അതേസമയം മുന്‍കാലങ്ങളില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ വളരെ ലാഭത്തിലാണ് പ്രവൃത്തിച്ചിരുന്നതെന്നും  തുടര്‍ന്ന് ജിയോയുടെ വരവോടെ പല കമ്പനികളും ഇപ്പോള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് തന്നെ ടവര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ വാടക നല്‍കാന്‍ തല്‍ക്കാലം തങ്ങള്‍ക്ക് സാധ്യമല്ലെന്നുമാണ് മൊബൈല്‍ദാതാക്കളുടെ നിലപാട്.
ടവറുകളില്‍ നിന്ന് നികുതിയിനത്തില്‍ ലക്ഷക്കണക്കിന് രൂപ പിരിഞ്ഞു കിട്ടിയ പഞ്ചായത്തുകളാണ് ഇപ്പോള്‍ വെട്ടിലായിയിരിക്കുന്നത്. റജിസ്റ്റര്‍ നോട്ടീസയച്ചിട്ടും പ്രതികരിക്കാത്തവര്‍ക്കെതിരെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റവന്യു വകുപ്പിനെ സമീപിച്ചിരിക്കയാണ് പഞ്ചായത്തുകള്‍. അതിനു പുറമെ ടവറിലേക്കുളള വൈദ്യുതി വിതരണം നിര്‍ത്തി വെച്ച് മൊബൈല്‍ കമ്പനികളെ സമ്മര്‍ദത്തിലാക്കി ടാക്‌സടപ്പിക്കാനുളള ശ്രമവും നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it