Kottayam Local

മൊബൈല്‍ ടവര്‍ നിര്‍മാണം ; കല്ലുകടവില്‍നാട്ടുകാര്‍ സത്യഗ്രഹം തുടങ്ങി



ചിങ്ങവനം: കുറിച്ചി പഞ്ചായത്തിലെ കല്ലുകടവിനു സമീപം മരോട്ടിക്കുളത്ത് സ്വകാര്യ മൊബൈല്‍ ടവറിനെതിരേ നടന്നു വരുന്ന സമരം വഴിത്തിരിവില്‍. നിര്‍മാണത്തിനുളള കോടതി വിധിയുമായി പ്രദേശത്തെത്തുന്നവരെ തടയാനാണു ജനകീയ പ്രതിരോധ സമിതി പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. ഇന്നലെ മുതല്‍ നാട്ടുകാര്‍ മരോട്ടിക്കുളത്തിലെ സമരപന്തലില്‍ അനിശ്ചിതകാലത്തേക്കു സത്യഗ്രഹം തുടങ്ങി. സി എഫ് തോമസ് എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. ഏഴു മാസം മുമ്പാണ് പ്രദേശത്ത് ടവര്‍ സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഇവിടെ ടവര്‍ ഉയര്‍ന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുമെന്നാണ് ജനങ്ങളുടെ ആശങ്ക. ഇതു ചൂണ്ടികാട്ടി 500ല്‍പരം ആളുകള്‍ ഒപ്പിട്ട നിവേദനം കലക്ടര്‍ക്കു നല്‍കിയിരുന്നു. തുടര്‍ന്നു ടവര്‍ മറ്റിടത്തേക്കു മാറ്റാന്‍ അവര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതു വകവയ്ക്കാതെ ടവര്‍ കമ്പനിക്കാര്‍ കോടതിയെ സമീപിച്ചു നിര്‍മാണാനുമതി നേടിയെടുത്തു. കുടിവെള്ള സംഭരണിക്കെന്ന പേരില്‍ പഞ്ചായത്തു സെക്രട്ടറിയെ തെറ്റിദ്ധരിപ്പിരുന്നു. നാട്ടുകാര്‍ കാല്‍നടയായി ഉപയോഗിച്ചിരുന്ന വഴികള്‍ പോലും കമ്പനിക്കാര്‍ അവരുടേതാക്കി മാറ്റി രേഖകള്‍ ചമച്ചു. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ നടപ്പു വഴികള്‍ താത്ക്കാലികമായി അടച്ചു. ഇതിന് പ്രതികാരമായി അഞ്ച് കേസുകളാണ് നാട്ടുകാര്‍ക്കെതിരേ കമ്പനിക്കാര്‍ വിവിധ കോടതികളില്‍ ഫയല്‍ ചെയ്തത്. പോലിസ് സംരക്ഷണത്തില്‍ ടവര്‍ അധികൃതര്‍ എത്തിയാല്‍ തടയാനും അറസ്റ്റ് വരിക്കാനുമുറച്ച് നാടാകെയാണ് സമര പന്തലിലുള്ളത്. ടവറിനെതിരായ സമരം ധാര്‍മിക സമരമാണെന്ന് സി എഫ് തോമസ് എംഎല്‍എ പറഞ്ഞു. കുറിച്ചി പഞ്ചായത്തു പ്രസിഡന്റ് ആര്‍ രാജഗോപാല്‍, എം എന്‍ മുരളീധരന്‍ നായര്‍, വാര്‍ഡ് മെംബര്‍മാരായ ലൂസി ജോസഫ്, ബി ആര്‍ മഞ്ജീഷ്, എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, പ്രൊ. ടോമിച്ചന്‍ ജോസഫ് എന്നിവരാണു സത്യഗ്രഹം അനുഷ്ടിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ഡോ.ശോഭാ സലിമോന്‍, മുന്‍ കുറിച്ചി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജാതാ സുശീലന്‍ തുടങ്ങിയവരും സമരപ്പന്തലിലെത്തി.
Next Story

RELATED STORIES

Share it