kasaragod local

മൊഗ്രാലില്‍ കടല്‍ക്ഷോഭം രൂക്ഷം; രണ്ടു വീടുകള്‍ തകര്‍ന്നു

മൊഗ്രാല്‍: നാങ്കിയില്‍ കടല്‍ ക്ഷോഭം രൂക്ഷം. രണ്ട് വീടുകള്‍ തകര്‍ന്നു. മുഹമ്മദ് കുഞ്ഞി, ഖാലിദ് എന്നിവരുടെ വീട് തകര്‍ന്നു. അഞ്ച് തെങ്ങുകള്‍ കടലെടുത്തു. ഈ ഭാഗത്ത് നിരവധി മരങ്ങളും ഏതുസമയവും കടലെടുക്കുമെന്ന ഭീതിയിലാണ്. ഇവിടെ കടലോരം കടലെടുത്തുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ ക്ഷോഭം തടയാനായി നിര്‍മിച്ച കടല്‍ ഭിത്തി പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ഇതോടെ കര കടലെടുത്തുകൊണ്ടിരിക്കുകയാണ്. കടല്‍ ക്ഷോഭിച്ച നിലയിലാണ്. ഈ ഭാഗത്ത് നിരവധി കുടുംബങ്ങള്‍ താമസിച്ചുവരുന്നുണ്ട്. ഏതുസമയവും തിരമാല കരയിലേക്ക് ആഞ്ഞടിക്കുമെന്ന് ആശങ്കയിലാണ് പരിസരവാസികള്‍. ഉപ്പള അദീക്ക കടപ്പുറത്തും കടല്‍ ക്ഷോഭവും രൂക്ഷമായിട്ടുണ്ട്. ഇവിടെ രണ്ട് കുടുംബങ്ങള്‍ സ്വമേധയാ മാറിപ്പോയിട്ടുണ്ട്. ഇവരുടെ വീടുകള്‍ ഏതുസമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. എന്നാല്‍ റവന്യൂ അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കടല്‍ ക്ഷോഭവും ട്രോളിങ് നിരോധനവും മൂലം തീരദേശ മേഖല വറുതിയിലാണ്.
ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പല കുടുംബങ്ങള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ചില മല്‍സ്യത്തൊഴിലാളികള്‍ സ്വമേധയാ റേഷന്‍ വാങ്ങാനും തയ്യാറാവുന്നില്ല. ഇതോടെ തീരദേശം പൂര്‍ണ്ണമായും വറുതിയിലായി.
Next Story

RELATED STORIES

Share it