wayanad local

മൈസൂരു-തലശ്ശേരി പാതയിലെ പ്രതീക്ഷയും അസ്തമിക്കുന്നു

മാനന്തവാടി: വയനാടിന്റെ റെയില്‍വേ സ്വപ്‌നത്തിന് പ്രതീക്ഷ നല്‍കിയിരുന്ന തലശ്ശേരി-മൈസൂരു പാതയ്ക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്നു സൂചന. കേരള സര്‍ക്കാര്‍ രണ്ടുകോടിയോളം രൂപ ചെലവഴിച്ച് ഡിപിആര്‍ തയ്യാറാക്കിയ ശേഷമാണ് കേന്ദ്രവും കര്‍ണാടകയും പാതയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. പാതയ്‌ക്കെതിരേ കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയുടെ പ്രതിഷേധമാണ് എതിര്‍പ്പിന് കാരണമായി കരുതപ്പെടുന്നത്.
നാലു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ മൈസൂരു-തലശ്ശേരി റെയില്‍പാതയുടെ നീക്കങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങള്‍ മുമ്പാണ് ജീവന്‍വച്ചത്. വയനാട്ടിലെ നിര്‍ദിഷ്ട നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി റെയില്‍വേ പാതയോട് സര്‍ക്കാര്‍ വിമുഖത കാണിക്കുകയും പകരം തലശ്ശേരി-മൈസൂരു പാത നടപ്പാക്കാന്‍ താല്‍പര്യമെടുക്കുകയും ചെയ്തതോടെയായിരുന്നു പ്രതീക്ഷയേറിയത്. നേരത്തെ അരലക്ഷത്തോളം രൂപ ചെലവഴിച്ച് ഡിഎംആര്‍സി തയ്യാറാക്കിയ പ്രാഥമിക പഠന റിപോര്‍ട്ട് തള്ളി ഒന്നരകോടി രൂപ അനുവദിച്ച് വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കന്‍ കൊങ്കണ്‍ റെയില്‍വേയെ ചുമതലപ്പെടുത്തിയിരുന്നു. ജനുവരി ആദ്യവാരത്തില്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ ബജറ്റില്‍ പാതയുള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചു. ഇതിനിടെയാണ് കുടക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി പാതയ്‌ക്കെതിരേ രംഗത്തുവന്നത്. സംരക്ഷിത വനമേഖലയിലൂടെ കടന്നുപോവുന്ന പാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നുമായിരുന്നു സൊസൈറ്റിയുടെ മുന്നറിയിപ്പ്.
ഇതോടെ കര്‍ണാടക സര്‍ക്കാര്‍ നേരത്ത എടുത്ത അനുകൂല തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോവുകയായിരുന്നു. വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വരുത്തുന്നതാണ് നിര്‍ദിഷ്ട പാതയെന്നാണ് പരിസ്ഥിതിവാദികളുടെ ആരോപണം. പാതയ്ക്കു പിന്നില്‍ കേരളത്തില്‍ നിന്നുള്ള മരവ്യവസായികളുണ്ടെന്നും മുന്‍ കര്‍ണാടക റേഞ്ച് ഫോറസ്റ്റ് ഓഫിസറും പരിസ്ഥിതിവാദിയുമായ കെ എം ചിന്നപ്പ റെയില്‍വേ മന്ത്രിയെ കഴിഞ്ഞ ദിവസം നേരില്‍ കണ്ട് ധരിപ്പിച്ചു.
നിരവധി മരങ്ങള്‍ മുറിച്ചുനീക്കി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള വന്‍ പദ്ധതികള്‍ക്കൊന്നും തന്നെ അനുമതി നല്‍കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയും കൂര്‍ഗ് സൊസൈറ്റി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ വയനാടിന്റെ റെയില്‍വേ സ്വപ്‌നം ഏറെക്കുറെ അസ്ഥാനത്തായിരിക്കുകയാണ്.
Next Story

RELATED STORIES

Share it