Flash News

മൈസൂരു-കോഴിക്കോട് ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു



മാനന്തവാടി: കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി-ഗുണ്ടല്‍പേട്ട്-മൈസൂരു ദേശീയപാത 766ല്‍ ജൂലൈ ഒന്നുമുതല്‍ ടോള്‍ നല്‍കണം. ടോള്‍ പ്ലാസയുടെ നിര്‍മാണം ഗുണ്ടല്‍പേട്ട് മധൂരില്‍ പൂര്‍ത്തിയായി. ദേശീയപാത 766ല്‍ കേരള അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിലെ മൂലഹള്ളി മുതല്‍ ബേഗൂര്‍, ഗുണ്ടല്‍പേട്ട്, നഞ്ചന്‍കോട്, മൈസൂരു, ടിനരസിപ്പൂര്‍, കൊല്ലഗല്‍ വരെയുള്ള 130 കിലോമീറ്റര്‍ ദൂരത്തില്‍ നഞ്ചന്‍കോട് കടകോളയിലും ടിനരസിപ്പൂര്‍ വര്‍കോഡിലും ടോള്‍പ്ലാസകള്‍ നിലവില്‍വരും. പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്കും ഊട്ടിയിലേക്കും എത്തുന്ന ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് ടോള്‍ എര്‍പ്പെടുത്തുന്നതു ജനങ്ങള്‍ക്ക് ദുരിതമാവും. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നു തമിഴ്‌നാട്ടിലെ ഊട്ടി, ഗൂഡല്ലൂര്‍, മുതുമല, കൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നും ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ ഇതുവഴി കടന്നുപോവുന്നുണ്ട്. ദേശീയപാത അധികൃതര്‍ സര്‍ക്കാര്‍ എജന്‍സിയെക്കൊണ്ട് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്കും തിരിച്ചും ഗുണ്ടല്‍പേട്ട് വഴി ദിനേന രണ്ടായിരത്തിലധികം വാഹനങ്ങള്‍ കടന്നുപോവുന്നതായി കണ്ടെത്തിയിരുന്നു. ബന്ദിപ്പൂര്‍, മുതുമല ടൈഗര്‍ റിസര്‍വ് വഴിയാണു ദേശീയപാത. ഇതുവഴി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും രാതിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് 2010ലാണ്. എട്ടുവര്‍ഷമായി രാവിലെ ആറുമുതല്‍ രാത്രി ഒമ്പതുവരെയാണ് ഇതുവഴി യാത്രയ്ക്ക് അനുമതി. നിരവധി വിനോദസഞ്ചാരികള്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്, തമിഴ്‌നാട്ടിലെ ഊട്ടി, മുതുമല വന്യജീവി സങ്കേതം എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലേക്ക് ഗുണ്ടല്‍പേട്ട് വഴിയാണ് എത്തുന്നത്. ഇനി ടോള്‍ ഇനത്തില്‍ വന്‍ തുക നല്‍കേണ്ടി വരും. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു നിരവധി പേര്‍ ദിവസവും ഗുണ്ടല്‍പേട്ടില്‍ വിവിധ ആവശ്യങ്ങള്‍ക്ക് പോവുന്നുണ്ട്. ഇവര്‍ക്കും ടോള്‍ എര്‍പ്പെടുത്തിയത് തിരിച്ചടിയാവും. നിര്‍മാണം പുരോഗമിക്കുന്ന റോഡ് പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഗുണ്ടല്‍പേട്ട്-ഊട്ടി റോഡിലും മൈസൂരു-മാനന്തവാടി റോഡില്‍ ബാവലിയിലും ടോള്‍ പ്ലാസ ആരംഭിക്കും. രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. നിലവില്‍ ഇതുസംബന്ധിച്ച കേസും സുപ്രിംകോടതിയില്‍ നടന്നുവരുന്നു. കര്‍ണാടകയില്‍ 140 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 28 കോടി രൂപ ദേശീയപാതാ അതോറിറ്റി നഷ്ടപരിഹാരമായി നല്‍കി. 1500 ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തു. 2,662 മരങ്ങള്‍ മുറിച്ചുമാറ്റി പുതിയ മരങ്ങള്‍ നടുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി മൂന്നു കോടി 20 ലക്ഷം രൂപ കര്‍ണാടക വനംവകുപ്പിനും നല്‍കി. വാഹനങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നതോടെ ഇതുവഴി മൈസൂരുവില്‍ എത്തണമെങ്കില്‍ വന്‍ തുക കൊടുക്കേണ്ടിവരും. ഇതു കേരളത്തിലെ യാത്രക്കാര്‍ക്ക് വീണ്ടും ദുരിതം മാത്രമാവും നല്‍കുക. 2014ലാണ് ഇവിടെ ദേശീയപാതയുടെ പുനര്‍നിര്‍മാണം തുടങ്ങിയത്. കേരളത്തില്‍ മുത്തങ്ങ മുതല്‍ കോഴിക്കോട് വരെ നവീകരണപ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it