Flash News

മൈക്കല്‍ ഫ്‌ലിന്നിന്റെ റഷ്യന്‍ ബന്ധം : അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്ബിഐയോട് ട്രംപ് ആവശ്യപ്പെട്ടു



വാഷിങ്ടണ്‍: യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയോട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപോര്‍ട്ട്. ഫെബ്രുവരി 14ന് തന്റെ ഓഫിസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടെന്നു കാണിച്ച് കോമി തയ്യാറാക്കിയ മെമ്മോയാണ് ഇപ്പോള്‍ പുറത്തായത്. യുഎസിലെ റഷ്യന്‍ അംബാസഡറുമായി സംസാരിച്ചതിനെക്കുറിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് സത്യം മറച്ചുവച്ചതിന് ഫ്‌ലിന്‍ ശിക്ഷ ഏറ്റു വാങ്ങിയതിന് തൊട്ടടുത്ത ദിവസമാണ് ട്രംപുമായി കോമിയുടെ സംഭാഷണം ഉണ്ടായത്. സംഭാഷണത്തിന്റെ രേഖകളും കോമിയുടെ കൈയിലുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ഫ്‌ലിന്‍ നല്ല വ്യക്തിയാണെന്നും അദ്ദേഹത്തെ മുന്നോട്ടുപോവാന്‍ അനുവദിക്കണമെന്നുമായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. ഇത് എഫ്ബിഐയുടെ പ്രവര്‍ത്തനത്തില്‍ ട്രംപ് ഇടപെടുന്നതിന്റെ തെളിവാണെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. അമേരിക്കയിലെ റഷ്യന്‍ അംബാസഡറുമായി മോസ്‌കോയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധം നീക്കുന്നതിനെക്കുറിച്ച് ഫ്‌ലിന്‍ ചര്‍ച്ച നടത്തിയതായാണ് ആരോപണം. അതേസമയം, ഫ്‌ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. ഫ്‌ലിന്‍ അടക്കം ആര്‍ക്കെതിരേയും നടക്കുന്ന ഒരന്വേഷണവും അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് നിഷേധക്കുറിപ്പ് വിശദീകരിക്കുന്നത്. കോമി വെളിപ്പെടുത്തുന്ന പോലുള്ള കൂടിക്കാഴ്ചയോ സംഭാഷണമോ നടക്കാന്‍ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനും അഭിപ്രായപ്പെടുന്നു. എഫ്ബിഐ ഡയറക്ടറായിരുന്ന ജെയിംസ് കോമിയെ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ട്രംപിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോമിയെ പുറത്താക്കിയത്. ഹിലരി ക്ലിന്റനുമായി ബന്ധപ്പെട്ട ഇ- മെയില്‍ വിവാദം തനിക്കുപകരിക്കും വിധം അന്വേഷിക്കുന്നതില്‍ ജയിംസ് കോമി പരാജയപ്പെട്ടെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കോമിയെ ട്രംപ് ശകാരിച്ചതായും റിപോര്‍ട്ടുകളുണ്ടാ  യിരുന്നു.
Next Story

RELATED STORIES

Share it