kozhikode local

മേല്‍ത്തട്ട് പരിധി 8 ലക്ഷംകേന്ദ്ര നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു

കോഴിക്കോട്:  മേല്‍ത്തട്ട് പരിധി ആറില്‍ നിന്ന് എട്ടു ലക്ഷമായി ഉയര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശം പൂഴ്ത്തി സംസ്ഥാന സര്‍ക്കാര്‍ സംവരണ അട്ടിമറിക്ക് ശ്രമിക്കുന്നതിനെതിരെ രാഷ്ട്രീയമായും നിയമ പരമായും മുന്നോട്ടു പോകുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പരിധി ഉയര്‍ത്താതെ ഒളിച്ചു കളിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട് പിന്നോക്ക സമുദായങ്ങളുടെ അവസര നിഷേധമാണ്. 2017 സെപ്തംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്ല്യത്തോടെ മേല്‍ത്തട്ട് പരിധി എട്ടു ലക്ഷമാക്കണമെന്നാണ് സെപ്തംര്‍ 13ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍, സാമ്പത്തിക സംവരണമെന്ന ഭരണഘടനാ അട്ടിമറിക്ക് ശ്രമിക്കുന്ന സിപിഎം താല്‍പര്യപ്രകാരം ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ക്രിമിലെയര്‍ പരിധി വര്‍ധിപ്പിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയതായാണ് പുറത്തു വന്ന വിവരം. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളും ക്രിമിലെയര്‍ പരിധി എട്ടു ലക്ഷമാക്കി ഉയര്‍ത്തി റിപ്പോര്‍ട്ടു നല്‍കിയപ്പോഴാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ കള്ളക്കളി. 1993ല്‍ ലക്ഷം രൂപയായിരുന്നു പരിധി. പിന്നീട് രണ്ടര ലക്ഷം (2004), നാലര ലക്ഷം (2008), ആറു ലക്ഷം (2013) എന്നിങ്ങനെ വര്‍ധിപ്പിക്കുകയായിരുന്നു. സാമ്പത്തികാവസ്ഥക്ക് ആനുപാതികമായി നാലു വര്‍ഷത്തിന് ശേഷം എട്ടു ലക്ഷമാക്കിയപ്പോഴാണ് കേരളത്തിന്റെ നിഷേധാത്മക നിലപാട്. അര്‍ഹരായ പിന്നോക്കക്കാരെ സര്‍ക്കാര്‍ ജോലിക്ക് പുറത്തു നിര്‍ത്തുന്ന നിലപാട് സര്‍ക്കാറിന് ഒരു ബാധ്യതയും വരുത്തുന്നതല്ല. എന്നിട്ടും ആരെ തൃപ്തിപ്പെടുത്താനാണ് ഈ നിഷേധാത്മക സമീപനം.എഞ്ചിനീയറിംങ്-മെഡിക്കല്‍ എന്‍ട്രന്‍സ് അടുത്തു വരുന്നതും ഒട്ടേറെ പിഎസ്‌സി നിയമനങ്ങള്‍ നടക്കുന്നതുമായ സമയമാണിത്. സംവരണ വിരുദ്ധരുടെ കയ്യിലെ പാവയായി അധപതിക്കാതെ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കേന്ദ്ര ഉത്തരവ് നടപ്പാക്കി കിട്ടാന്‍ വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കും. നീതിക്കായി പിന്നോക്ക വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ മുസ്‌ലിംലീഗ് ആലോചിക്കുമെന്നും കെ പി എ മജീദ് മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it