kannur local

മേയറെ ഉപരോധിച്ച സംഭവം: യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍



കണ്ണൂര്‍: ജനകീയ പ്രശനങ്ങളുന്നയിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലതയെ ഉപരോധിച്ച സംഭവത്തില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. 41 പേര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തു. കണ്ണൂര്‍ മേഖല പ്രസിഡന്റ് കണ്ണൂര്‍സിറ്റി മരക്കാര്‍കണ്ടിയിലെ സിയാദ് തങ്ങളെയാണ് (30) അറസ്റ്റ് ചെയ്തത്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. പൊതുമുതല്‍ നശിപ്പിക്കുകയും ഓഫിസില്‍ അതിക്രമിച്ചുകടന്ന് ബഹളംവയ്ക്കുകയും മേയറെ അസഭ്യം പറയുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ സിയാദ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 41 പേര്‍ക്കെതിരേയാണു കേസ്. നേതാജി  റോഡിലെയും കുഴിക്കുന്നിലെയും ബിവറേജ് മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടുക, താണ മുഴത്തടത്തെ അനധികൃത നായ വളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടുക, തായത്തെരു-സിറ്റി റോഡില്‍ ഓവുചാലും നടപ്പാതയും പണിയുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം രാവിലെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മേയറെ ചേംബറില്‍ ഉപരോധിച്ചത്. അതേസമയം, മേയര്‍ക്ക് നിവേദനം നല്‍കാന്‍ ശ്രമിച്ച യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ പ്രസിഡന്റ് സിയാദ് തങ്ങളെ അറസ്റ്റ് ചെയ്തതില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദും, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയും പ്രതിഷേധിച്ചു. ജനകീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി കള്ളക്കേസില്‍ കുടുക്കുകയാണ് പോലിസ് ചെയ്തത്. ഇതിനെതിരേ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണം. തെറ്റായ നിലപാടുകള്‍ തിരുത്താന്‍ കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറാവണം. അല്ലാത്തപക്ഷം ജനപ്രതിനിധികള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it