wayanad local

മേപ്പാടിയില്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല : രോഗികള്‍ ദുരിതത്തില്‍



മേപ്പാടി: ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനാല്‍ മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തുന്നവര്‍ ദുരിതത്തില്‍. ഒന്നോ രണ്ടോ ഡോക്ടര്‍മാരാണ് ഡ്യൂട്ടിയിലുണ്ടാവുക. മറ്റ് ജീവനക്കാരും വിരലിലെണ്ണാവുന്നവര്‍ മാത്രം. ചീട്ടെഴുതാനും മരുന്നുകള്‍ എടുത്തുകൊടുക്കാനും ഒരാള്‍തന്നെ പോവേണ്ട സ്ഥിതിയാണ്. തിരക്കിനിടയില്‍ കൊടുത്ത മരുന്ന് മാറിപ്പോയ സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങളുമായി നൂറുകണക്കിനാളുകളാണ് നിത്യവും ഇവിടെ ചികില്‍സ തേടിയെത്തുന്നത്. ശരാശരി 300 പേരെങ്കിലും ദിവസവും ഒപിയിലെത്തുന്നു. വയോജനങ്ങളും സ്ത്രീകളും കുട്ടികളുമെല്ലാമായി നൂറുകണക്കിനാളുകള്‍ മണിക്കൂറുകളോളം കാത്തുനിന്ന് ദുരിതമല്‍ഭവിക്കേണ്ട ഗതികേടാണുള്ളത്. പഞ്ചായത്തിന് കീഴിലായിരുന്ന പ്രാധമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയിട്ട് എട്ടുവര്‍ഷം പിന്നിടുകയാണ്. പേരില്‍ മാറ്റമുണ്ടായി എന്നതൊഴിച്ചാല്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും പഴയ നിലതന്നെയാണ്. ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ പോലും നാളിതുവരെ ഇവിടെ നിയമിച്ചിട്ടില്ല. ജീവനക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത അവഗണനയാണ് ഈ ആശുപത്രിയോട് അധികൃതര്‍ കാണിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി.
Next Story

RELATED STORIES

Share it