Flash News

മേപ്പയൂരില്‍ പോലിസിനെ വരുതിയിലാക്കി സിപിഎം തേര്‍വാഴ്ച ; നാദാപുരം മോഡല്‍ കലാപത്തിനു ശ്രമം

വടകര: മേപ്പയൂരിനടുത്ത അരിക്കുളം എക്കാട്ടൂരില്‍ സിപിഎം തേര്‍വാഴ്ച. പോലിസ് നോക്കിനില്‍ക്കെ ഇന്നലെ പുലര്‍ച്ചെ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. നേരത്തെ സിപിഎം-ലീഗ് സംഘര്‍ഷം പതിവായിരുന്ന മേപ്പയൂര്‍ മേഖലയില്‍ നാദാപുരം മോഡല്‍ വര്‍ഗീയ കലാപത്തിന് സിപിഎം ശ്രമിക്കുന്നു വെന്ന ആരോപണം ശക്തമാണ്. പോലിസിനെ സമ്മര്‍ദത്തിലാക്കി ഇവിടെ സിപിഎം നിയമവാഴ്ച അട്ടിമറിക്കുകയാണെന്നും ആരോപണമുണ്ട്.
മഹാരാജാസ് കോളജ് സംഭവത്തിനു ശേഷം അരിക്കുളം എക്കാട്ടൂരില്‍ എസ്ഡിപിഐയുടെ കൊടിമരം പട്ടാപ്പകല്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൊടിമരം നശിപ്പിച്ചതിനെതിരേ എസ്ഡിപിഐ മണ്ഡലം ഭാരവാഹി രയരോത്ത് മുഹമ്മദ് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ, തിങ്കഴാഴ്ച രാത്രി അരിക്കുളം തണ്ടയില്‍ വച്ച് എസ്എഫ്‌ഐ പ്രാദേശിക നേതാവ് വിഷ്ണുവിന് ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റു.
വിഷ്ണുവിനെ ആക്രമിച്ച സംഭവത്തില്‍ പോലിസിനു തന്നെയും പല സംശയങ്ങളുമുണ്ടായിരിക്കെ മുഹമ്മദിനെ തിങ്കളാഴ്ച രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ പോലിസ് അറസ്റ്റ് ചെയ്തു. നേരത്തേ ചോദ്യം ചെയ്തപ്പോള്‍ മുഹമ്മദ് പ്രതിയല്ലെന്ന് ബോധ്യപ്പെട്ട് തിരിച്ചുപോയ പോലിസ് പിന്നീട് സിപിഎം നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി രാത്രി 12ഓടെ വീണ്ടും വീട്ടിലെത്തി ക സ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിഷ്ണു ആക്രമിക്കപ്പെട്ട കേസില്‍ മുഹമ്മദിനെ പോലിസ് അറസ്റ്റ് ചെയ്തത് സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്നതിനു വേറെയും സൂചനകള്‍ പുറത്തുവന്നിരുന്നു. മുഹമ്മദിന്റെ അറസ്റ്റ് വിവരം പോലിസ് അറിയിക്കും മുമ്പേതന്നെ ദേശാഭിമാനി അടക്കമുള്ള ചില പത്രങ്ങളില്‍ പ്രധാന വാര്‍ത്തയായത് സിപിഎം ഗൂഢാലോചനയുടെ തെളിവാണെന്നാണ് ആരോപണം.
മുഹമ്മദിനെ പോലിസ് അറസ്റ്റ് ചെയ്ത ദിവസം തന്നെ അദ്ദേഹത്തിന്റെ വീടിനു നേരെ സിപിഎം അക്രമം അഴിച്ചുവിട്ടു. പിന്നീട് സിപിഎം ശക്തികേന്ദ്രമായ പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞുപിടിച്ചുള്ള ആക്രമണമാണ് അരങ്ങേറിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രയരോത്ത് മുഹമ്മദിന്റെയും സഹോദരങ്ങളായ റിയാസ്, റഷീദ് എന്നിവരുടെ വീടുകള്‍ക്കു നേരെയും അക്രമം നടന്നു. പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വീടുകള്‍ക്കു നേരെ സിപിഎം അക്രമം അഴിച്ചുവിട്ടത്.
മുസ്‌ലിംലീഗുമായുള്ള നിരന്തര സംഘര്‍ഷത്തിന്റെ മറവില്‍ മേപ്പയൂരിലും അരിക്കുളത്തും കീഴരിയൂരിലുമൊക്കെ വര്‍ഗീയ കലാപങ്ങള്‍ക്ക് ശ്രമിച്ചതാണ് സിപിഎമ്മിന്റെ മുന്‍കാല ചരിത്രം. വര്‍ഷങ്ങള്‍ക്കു മുമ്പ് മേപ്പയൂര്‍ ടൗണ്‍ മസ്ജിദില്‍ ബോംബ് വച്ച് മുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ അകപ്പെടുത്തിയ ചരിത്രവുമുണ്ട്. വര്‍ഗീയ വിദ്വേഷം സൃഷ്ടിച്ച് മേഖലയില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് സംശയിക്കുന്നവരുണ്ട്.
വിഷ്ണു ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യം അട്ടിമറിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ ഏകപക്ഷീയമായ നടപടികളാണ് പ്രദേശത്ത് അരങ്ങേറുന്നത്. റിമാന്‍ഡിലുള്ള മുഹമ്മദിന്റെ വീടിനു നേരെ പോലിസ് നോക്കിനില്‍ക്കെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
സിപിഎം പ്രവര്‍ത്തകരായ പി പി കുഞ്ഞിക്കേളപ്പന്‍, കുറ്റിക്കണ്ടി സദാനന്ദന്‍, കുറ്റിക്കണ്ടി ശ്രീജിത്ത്, സജീഷ്, പ്രജിത്ത്, കോമത്ത് കുട്ടാപ്പി, അഭിനീഷ്, പൊറായില്‍ ശശി, പള്ളിയില്‍ സന്തോഷ്, ലാലു, തച്ചുള്ളതില്‍ സുധീഷ്, പി പി അജേഷ്, ചാലില്‍ ശ്രീജിത്ത് തുടങ്ങിയ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വീടുകള്‍ക്കു നേരെ ആക്രമണം നടന്നതെന്ന് എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആരോപിച്ചു.
Next Story

RELATED STORIES

Share it