Flash News

മേനകാഗാന്ധി സ്പര്‍ശിച്ച അംബേദ്കര്‍ പ്രതിമ ദലിതുകള്‍ കഴുകി വൃത്തിയാക്കി

വഡോദര: കേന്ദ്രമന്ത്രി മേനകാഗാന്ധിയും ബിജെപി നേതാക്കളും പുഷ്പാഞ്ജലി അര്‍പ്പിച്ച ബി ആര്‍ അംബേദ്കറുടെ പ്രതിമ ദലിത് സമുദായാംഗങ്ങള്‍ കഴുകി വൃത്തിയാക്കി. മന്ത്രിയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യം അന്തരീക്ഷം മലിനീകരിച്ചുവെന്ന് ഒരു ദലിത് നേതാവ് പറഞ്ഞു. വഡോദരയിലെ ജിഎഫ്ആര്‍ സര്‍ക്കിള്‍ മേഖലയിലാണ് സംഭവം.
അംബേദ്കര്‍ക്ക് അദ്ദേഹത്തിന്റെ 127ാമത് ജന്മവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മേനകയും സംഘവും എത്തുന്നതിനു മുമ്പു തന്നെ ദലിത് സമുദായാംഗങ്ങള്‍ സന്നിഹിതരായിരുന്നു. മന്ത്രിയെത്തിയപ്പോള്‍ ദലിതുകള്‍ അവര്‍ക്കെതിരേ മുദ്രാവാക്യം വിളി തുടങ്ങി. ഇതേത്തുടര്‍ന്ന് പോലിസും ദലിതുകളും തമ്മില്‍ വാക്തര്‍ക്കമുണ്ടായി.
ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് മേനകയും സംഘവും അംബേദ്കര്‍ പ്രതിമയില്‍ മാല ചാര്‍ത്തി സ്ഥലംവിട്ടത്. അവര്‍ പോയ ഉടന്‍ ദലിതുകള്‍, പ്രതിമ പാലും വെള്ളവും കൊണ്ട് കഴുകി ശുദ്ധീകരിച്ചു.
ദലിതുകള്‍ അംബേദ്കര്‍ പ്രതിമയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നേരത്തേ എത്തിയെങ്കിലും പോലിസ് അവരെ തടഞ്ഞിരുന്നു. പ്രോട്ടോകോള്‍ അനുസരിച്ച് ആദ്യം മന്ത്രി ഹാരമണിയിക്കണമെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് ദലിത് സമുദായാംഗങ്ങളെ രോഷാകുലരാക്കിയെന്നു ബറോഡയിലെ മഹാരാജ സയാജി റാവു സര്‍വകലാശാലാ എസ്‌സി/എസ്ടി എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി താക്കര്‍ സോളങ്കി പറഞ്ഞു. അംബേദ്കര്‍ പ്രതിമയില്‍ ഹാരമണിയിക്കുന്നത് ദലിതുകളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വരുന്നതിനു മുമ്പ് എത്തിയ ബിജെപിയുടെ എസ്‌സി/എസ്ടി ഗുജറാത്ത് ഘടകം ജനറല്‍ സെക്രട്ടറി ജീവരാജ് ചൗഹാനെ ദലിതുകള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന് വേദി വിട്ടുപോവേണ്ടിവന്നു.
Next Story

RELATED STORIES

Share it