thrissur local

മെറ്റല്‍ ക്രഷറുകള്‍ക്കും ക്വാറികള്‍ക്കുമെതിരേ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍

എരുമപ്പെട്ടി: കടങ്ങോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ക്രഷറുകള്‍ക്കും കരിങ്കല്‍ ക്വാറികള്‍ക്കുമെതിരെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍. ഗ്രാമരക്ഷാ സമിതി രൂപീകരിച്ചാണ് പ്രതിഷേധ നടപടികളുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.
കടങ്ങോട്, കടവല്ലൂര്‍, നാഗലശേരി, എരുമപ്പെട്ടി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തൊട്ടുകിടക്കുന്ന കടങ്ങോട് വനത്തിനോട് ചേര്‍ന്ന് എബിഎ, ബെസ്റ്റ് എന്നീ രണ്ട് മെറ്റല്‍ ക്രഷറുകളും പത്തിലധികം കരിങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. നിയമങ്ങള്‍ പാലിക്കാതെയുള്ള ക്രഷറുകളുടേയും അനധികൃത കരിങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം നാട്ടുകാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിരന്തരം നടത്തുന്ന ഉഗ്രസ്‌ഫോടനങ്ങളും മെറ്റല്‍ ക്രഷറുകളില്‍ നിന്ന് ഉയര്‍ന്ന് പരക്കുന്ന കരിങ്കല്‍പൊടികളും ഇടതടവില്ലാതെ ചീറിപ്പായുന്ന ടോറസ് ഉള്‍പ്പടെയുള്ള ടിപ്പറുകളും പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. പ്രതിഷേധവുമായി രംഗത്തെത്തുന്ന നാട്ടുകാര്‍ക്കെതിരെ കള്ള പരാതികള്‍ നല്‍കി കേസുകളില്‍പ്പെടുത്തുകയാണെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം എബിഎ ക്രഷറില്‍ നിന്നു മെറ്റലുമായി അമിത വേഗത്തില്‍ സഞ്ചരിച്ചിരുന്ന ടിപ്പര്‍ തട്ടി ബൈക്ക് മറിഞ്ഞ് വീണ് യാത്രക്കാരനായ യുവാവിന് പരിക്ക് പറ്റിയിരുന്നു. ഇത് ചോദ്യം ചെയ്തതിന് കയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് ടിപ്പര്‍ ലോറി െ്രെഡവര്‍ നാട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പ്രതിഷേധങ്ങള്‍ക്ക് തടയിടാനുള്ള എബിഎ, ബെസ്റ്റ് ക്രഷര്‍ അധികൃതരുടെ ഗൂഡനീക്കമാണ് പരാതിക്ക് പുറകിലെന്ന് സമര സമിതി ഭാരവാഹികള്‍ പറയുന്നു. രാസപദാര്‍ഥങ്ങള്‍ കലര്‍ന്നുള്ള കരിങ്കല്‍ പൊടിയും വിഷപ്പുകയും ശ്വസിച്ച് കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള പരിസരവാസികള്‍ നിത്യരോഗികളായി മാറുകയാണ്. അസഹനീയമായ ശബ്ദ മലിനീകരണം കുട്ടികളില്‍ മാനസിക അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിനുപുറമെ അമിതമായ ജലമൂറ്റല്‍ കടങ്ങോട് മേഖലയില്‍ രൂക്ഷമായ വരള്‍ച്ചക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗ്രാമസമിതി രൂപീകരിച്ച് നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it