Flash News

മെഡിക്കല്‍ പ്രവേശനം: പട്ടിക വിഭാഗക്കാരില്‍ നിന്ന് ഫീസ് ഈടാക്കരുത്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം ലഭിച്ച പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് കോളജ് അധികൃതര്‍ ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ക്ക് പട്ടികജാതി, ഗോത്രവര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കീമിന്റെ മെഡിക്കല്‍ റാങ്ക് പ്രകാരം എംബിബിഎസിന് അലോട്ട്മെന്റ് ലഭിച്ച പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളുടെ പഠന ഫീസും ഇതര ഫീസുകളും നല്‍കുന്നത് സര്‍ക്കാരാണ്. ഇതിനു വിരുദ്ധമായി ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് ഫീസിനത്തില്‍ വന്‍ തുക അടയ്ക്കുവാന്‍ സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്നതായി പട്ടികജാതി, ഗോത്രവര്‍ഗ കമ്മീഷന് വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ കോഴ്സ് ഫീസ് കോളജുകള്‍ക്ക് നല്‍കാനുള്ള ചുമതല സര്‍ക്കാരിന്റേതാണ്. ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ കോളജ് മാനേജ്മെന്റിന് നേരിട്ട് ഫീസ് നല്‍കുവാന്‍ പാടില്ല. അതതു കോളജുകള്‍ക്ക് പട്ടികജാതി വകുപ്പില്‍ നിന്ന് ഫീസ് തുക അവകാശപ്പെടാം.
വിദ്യാര്‍ഥികളില്‍ നിന്ന് നേരിട്ട് യാതൊരു ഫീസും അവകാശപ്പെടുവാന്‍ കോളജുകള്‍ക്ക് അധികാരമില്ല. വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തി അനധികൃതമായി ഫീസ് ഈടാക്കുന്നതും ഫീസ് അടച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കോളജ് പ്രവേശനം നിഷേധിക്കുന്നതും പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമമായി പരിഗണിക്കുമെന്നും ബന്ധപ്പെട്ട കോളജ് അധികൃതര്‍ക്കെതിരേ പട്ടികജാതി വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it