മെഡിക്കല്‍ പ്രവേശനം: കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനു വിട്ടുനല്‍കിയ സീറ്റുകള്‍ നിലനിര്‍ത്തുംസ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുമായി ധാരണ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം സുഗമമായി നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ധാരണയിലെത്തി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷയില്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി നിയമസഭാ ഹാളില്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണ.
പൊതുവിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനു വിട്ടുനല്‍കിയ സീറ്റുകള്‍ അതുപോലെ നിലനിര്‍ത്താന്‍ തീരുമാനമായി. ചില ന്യൂനപക്ഷ കോളജുകള്‍, സീറ്റ് മെട്രിക് പൊതുവിഭാഗത്തില്‍ കുറവുവരുത്തിയായിരുന്നു സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നത്. ആരോഗ്യ മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് ഇതു കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമാക്കാമെന്ന് മാനേജ്‌മെന്റുകള്‍ ഉറപ്പുനല്‍കി.
സ്വാശ്രയ കോളജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ അവര്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. ഫീസ് ഘടനയില്‍ മാറ്റംവരുത്തേണ്ടതിന്റെ ആവശ്യകത പല മാനേജ്‌മെന്റുകളും ഉന്നയിച്ചെങ്കിലും നീറ്റ് മെറിറ്റിന്റെയും സുപ്രിംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ടുപോവാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.
ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ മാറ്റം വരുത്താന്‍ കഴിയില്ല. മാത്രമല്ല, പ്രോസ്‌പെക്റ്റസില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്.
അതില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ല. കോളജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രവേശനസമയത്ത് എന്‍ട്രന്‍സ് കമ്മീഷണര്‍ മുമ്പാകെ അടയ്ക്കുന്ന ഫീസ് മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കാന്‍ വൈകുന്നുവെന്ന പരാതി ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കാലതാമസം കൂടാതെ ലഭിക്കാനുള്ള നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
അതുപോലെ എസ്‌സി-എസ്ടി വിഭാഗത്തിലുള്ള ഫീസ് കോളജുകള്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും കുടിശ്ശികയുണ്ടെന്നും മാനേജ്‌മെന്റുകള്‍ പറഞ്ഞു. ഇക്കാര്യം കോളജുകള്‍ എഴുതിത്തരുന്ന മുറയ്ക്ക് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എംസിഐ അംഗീകാരം നഷ്ടപ്പെട്ട കോളജുകള്‍ അംഗീകാരം നേടിയെടുക്കാന്‍ ശ്രമം നടത്തിവരുന്നതായി സ്വാശ്രയ മാനേജ്‌മെന്റുകള്‍ യോഗത്തെ അറിയിച്ചു.
സ്വാശ്രയ കോളജുകളിലെ സമര്‍ഥരായവരും എന്നാല്‍, സാമ്പത്തികമായി വളരെയധികം പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലുള്ളവരുമായ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഡ്മിഷന്‍ ആന്റ് ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപീകരിച്ച് നേരത്തേ ഉത്തരവിറക്കിയിരുന്നതായും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ്, എന്‍ട്രന്‍സ് കമ്മീഷണര്‍ പി കെ സുധീര്‍ബാബു ഐഎഎസ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, മെഡിക്കല്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it