മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ നിര്‍ബന്ധിത സേവനം നടത്തണം: ഹൈക്കോടതി

കൊച്ചി: മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ ഒരുവര്‍ഷത്തെ നിര്‍ബന്ധിത സേവനം നടത്തിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നും അതുവരെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ തടഞ്ഞുവയ്ക്കുമെന്നുമുള്ള പ്രോസ്‌പെക്ടസിലെ വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ പിജി പൂര്‍ത്തിയാക്കിയ ഇതരസംസ്ഥാനക്കാരായ 22 വിദ്യാര്‍ഥികളുടെ അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഒരുവര്‍ഷത്തെ നിര്‍ബന്ധിത സേവനം നടത്താത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി നേരത്തെ സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. എന്നാല്‍ ഒരു ഹരജിയില്‍ സര്‍ട്ടിഫിക്കറ്റ്  നല്‍കാന്‍ മറ്റൊരു സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ അപ്പീല്‍ നല്‍കിയത്. അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം ലഭിച്ച തങ്ങളോട് ഒരുവര്‍ഷം ഇവിടെ സേവനം നടത്തണമെന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് ഹരജിക്കാര്‍ വാദിച്ചത്.
അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം കിട്ടിയവരാണെങ്കിലും ഇവരുടെ പഠനച്ചെലവിനുള്ള പണം പൊതു ഖജനാവില്‍ നിന്നാണെന്നും അതിനാല്‍ ഒരുവര്‍ഷം സേവനം നടത്താന്‍ ബാധ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സേവനം നടത്താനോ നഷ്ടപരിഹാരം നല്‍കാനോ തയ്യാറാവാത്തതിനാലാണ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഒരുവര്‍ഷം സേവനം അനുഷ്ഠിക്കാന്‍ ഹരജിക്കാര്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി വിലയിരുത്തിയത്. വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം ഈടാക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it