Flash News

മെഡിക്കല്‍ പിജി കോഴ്‌സുകളുടെ ഫീസ് ഏകീകരിച്ചു



തിരുവനന്തപുരം: ഇരട്ടി വര്‍ധനയുമായി സംസ്ഥാനത്തെ മെഡിക്കല്‍ പിജി കോഴ്‌സുകളുടെ ഫീസ് ഏകീകരിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്‍ ഫീസ് ഏകീകരിച്ച് ഉത്തരവിറക്കി. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് വര്‍ധിപ്പിച്ചുനല്‍കിയ ഫീസിനു സമാനമായാണ് എല്ലാ കോളജുകളിലെയും ഫീസ് ഏകീകരിച്ചത്. പിജി ക്ലിനിക്കല്‍ കോഴ്‌സുകളില്‍ 14 ലക്ഷം രൂപയാണ് ഏകീകൃത ഫീസ്. കഴിഞ്ഞ വര്‍ഷം ഇത് 6.5 ലക്ഷമായിരുന്നു. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 8.5 ലക്ഷവുമായി ഉയര്‍ത്തി. മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് എല്ലാ സീറ്റിലും ഉയര്‍ന്ന ഫീസ് നിശ്ചയിച്ചത്. പിജി ഡിപ്ലോമ ക്ലിനിക്കല്‍ കോഴ്‌സുകളില്‍ 10.5 ലക്ഷം രൂപയാണ് പുതിയ ഫീസ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലെ ഫീസ് 18.5 ലക്ഷവും എന്‍ആര്‍ഐ സീറ്റുകളില്‍ 35 ലക്ഷം രൂപയാണ് പുതിയ നിരക്ക്. കഴിഞ്ഞ വര്‍ഷം വരെ മൂന്നു ഫീസ് ഘടനയായിരുന്നു പിജി സീറ്റുകളിലുണ്ടായിരുന്നത്. സര്‍ക്കാര്‍ സീറ്റുകളില്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 6.5 ലക്ഷവും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 2.6 ലക്ഷം രൂപയുമായിരുന്നു. മാനേജ്‌മെന്റ് ക്വാട്ടയില്‍ ക്ലിനിക്കല്‍ കോഴ്‌സുകളില്‍ 17.5 ലക്ഷവും നോണ്‍ ക്ലിനിക്കലില്‍ 6.5 ലക്ഷവും എന്‍ആര്‍ഐ സീറ്റുകളില്‍ 35 ലക്ഷം രൂപയും ആയിരുന്നു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഈടാക്കിയിരുന്നത്. ഏകീകൃത ഫീസ് നിരക്ക് നടപ്പാക്കുന്നതിനായി കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് ഫെഡറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഫീസ് ഏകീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഇന്നലെ വിദ്യാര്‍ഥി സംഘടനകള്‍ കരിങ്കൊടി കാണിച്ചിരുന്നു. ഉയര്‍ന്ന ഫീസ് നല്‍കാനാവാത്ത പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം.
Next Story

RELATED STORIES

Share it