Flash News

മെഡിക്കല്‍ കോളജ് ഫീസ് വര്‍ധന : കെഎസ്‌യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം



തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പിജി ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.  പ്രവര്‍ത്തകരുടെ കല്ലേറില്‍ കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ കെ ഇ ബൈജുവിനും പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ ബാരിക്കേഡ് കെട്ടി പോലിസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാനുള്ള ശ്രമത്തിനിടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടുമെത്തി ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗം നടന്നുകൊണ്ടിരിക്കെ ചില പ്രവര്‍ത്തകര്‍ പോലിസുമായി ഏറ്റുമുട്ടി. തുടര്‍ന്ന് പോലിസ് ലാത്തിവീശി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ പിന്നീട് എംജി റോഡ് ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാനാണ് ഗ്രനേഡ് പ്രയോഗം നടത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ തലസ്ഥാനത്തെ ഗതാഗതം സ്തംഭിച്ചു. കെഎസ്‌യു പ്രസിഡന്റ് അഭിജിത്ത്, സംസ്ഥാന-ജില്ലാ ഭാരവാഹികളായ റിങ്കു പടിപ്പുരയില്‍, അബ്ദുര്‍ റഷീദ്, ജസീര്‍ പള്ളിവേല്‍, ശ്രീലാല്‍, അലോഷി, എറിക് സ്റ്റീഫന്‍, അജ്മല്‍, സുഖൈദ് അന്‍സാരി, ജോര്‍ജ് ഡയസ് തുടങ്ങിയവര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.  കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന പോലിസിന്റെ ക്രൂരമായ വിദ്യാര്‍ഥി വേട്ട അപലപനീയമാണെന്നും രാഷ്ട്രീയകാര്യ സമിതി ആരോപിച്ചു. സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍ പിജി ഫീസ് വര്‍ധനയ്‌ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി തല്ലിച്ചതച്ച സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ അഡ്മിറ്റാക്കാത്തതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടിയും കെ സി ജോസഫ് എംഎല്‍എയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രിയില്‍ കുത്തിയിരുന്നു. പിന്നീട് ആശുപത്രി സുപ്രണ്ട് ഇടപെട്ട് പ്രവര്‍ത്തകരെ അഡ്മിറ്റ് ചെയ്ത ശേഷമായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്. പരിക്കേറ്റ പ്രവര്‍ത്തകരുടെ എക്‌സറെയടക്കം എടുത്തിട്ടും അഡ്മിറ്റ് ചെയ്യാത്ത ആശുപത്രി അധികൃതരുടെ സമീപനം ക്രൂരമാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തലയും പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it