palakkad local

മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണപ്രവൃത്തി ഇഴയുന്നു

പാലക്കാട്: അഞ്ചുവര്‍ഷമായിട്ടും ഗവ. മെഡിക്കല്‍ കോളജിന്റെ കെട്ടിട നിര്‍മാണപ്രവൃത്തി എവിടെയുമെത്തിയില്ല. കെട്ടിട നിര്‍മാണം തുടക്കത്തില്‍ നല്ലരീതിയില്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. ഔട്ട് പേഷ്യന്റ് ഡിപാര്‍ട്ട്‌മെന്റ്, ഓപ്പറേഷന്‍ തിയറ്റര്‍ ബ്ലോക്ക് , വാര്‍ഡ് ബ്ലോക്ക് എന്നിവയുള്‍പ്പെടുന്ന ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാകേണ്ടത്. ഫണ്ടിന്റെ അഭാവമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമെന്നാണ് വാദം. മാര്‍ച്ചിനു ശേഷം കരാറുകാര്‍ക്കുള്ള ഫണ്ട് നല്‍കുന്നതില്‍ കാലതാമസം വന്നതാണ് പണികള്‍ നിന്നുപോവാനിടയാക്കിയതെന്ന് പറയപ്പെടുന്നു. കുടിശ്ശിക കാരണം കെട്ടിടനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നതും നിലച്ചമട്ടാണ്.
കഴിഞ്ഞ ജനുവരിയിലും ഇതുപോലെ മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നിലച്ചിരുന്നു. 2019 ജൂണ്‍ 24നകം കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉത്തരവുണ്ടെങ്കിലും നിലവിലെ സ്ഥിതിയനുസരിച്ച് 2020 കഴിഞ്ഞാലും നിര്‍മാണം പൂര്‍ത്തിയാകുമോയെന്നത് സംശയകരമാണ്. നാലുനിലകളുള്ള പാരാമെഡിക്കല്‍ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണവും ജലവിതരണവും നടത്താത്തതിനാല്‍ കെട്ടിടം കൈമാറിയിട്ടില്ല. മാത്രമല്ല മെഡിക്കല്‍ കോളജ് ക്ലിനിക്കല്‍ വിഭാഗം ജില്ലാശുപത്രയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനെപ്പറ്റി അടുത്തകാലത്തൊന്നും ചിന്തിക്കാന്‍പോലും പറ്റാില്ല.

Next Story

RELATED STORIES

Share it