Kottayam Local

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍ജിയോഗ്രാം-ആന്‍ജിയോപ്ലാസ്റ്റി ചികില്‍സകള്‍ മുടങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍



ആര്‍പ്പുക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിശ്ചയിച്ച മുഴുവന്‍ ആന്‍ജിയോഗ്രാം ആന്‍ജിയോപ്ലാസ്റ്റി ചികില്‍സകള്‍ പൂര്‍ണമായും നടത്തിയെന്നും വരും ദിവസങ്ങളിലും ഈ ചികില്‍സ മുടക്കം കൂടാതെ നടക്കുമെന്നും കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി മേധാവി ഡോ. രാജുജോര്‍ജ് പറഞ്ഞു.ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന കൊറോണറി സ്‌റ്റെന്റിന്റെ വില 85 ശതമാനം കുറച്ച് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 14ന് സ്റ്റെന്റിന്റെ വില കുറച്ചുള്ള ഉത്തരവുണ്ടാവുമെന്നറിഞ്ഞ് ഈ ദിവസം നിശ്ചയിച്ച മുഴുവന്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചികില്‍സകളും നടത്തി. കൂടാതെ ഇന്നലെയും 13 മേജര്‍ ആന്‍ജിയോപ്ലാസ്റ്റിയും അഞ്ച് മൈനര്‍ പ്ലാസ്റ്റിയും നടത്തിയെന്ന് യൂനിറ്റ് ചീഫ് ഡോ. വി എല്‍ ജയപ്രകാശ് പറഞ്ഞു. സ്വകാര്യ കമ്പനികള്‍ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയ മുഴുവന്‍ സ്റ്റെന്റുകളും ഒരു കമ്പനി ഒഴികെ മറ്റ് കമ്പനികളുടെ സ്റ്റെന്റുകള്‍ ആശുപത്രിയില്‍ ഇന്നലെ തിരികെയെത്തിക്കുകയും ചെയ്തു. ഹൃദയത്തിലെ രക്ത കുഴലുകളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പുകള്‍ നീക്കം ചെയ്ത് രക്തയോട്ടം സുഗമമാക്കാനുള്ള ഉപകരണമാണ് സ്റ്റെന്റ്. മികച്ച ഗുണമേന്മയുള്ള മെഡിക്കേറ്റഡ് സ്റ്റെന്റായ എവറോലിമസിന് 52,000 രൂപയും രണ്ടാം ഗ്രേഡിലുള്ള എവറോലിമസിന് 35,000 രൂപയുമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഈടാക്കുന്നത്. എന്നാല്‍ ഒന്നാം ഗ്രേഡിലുള്ള സ്‌റ്റെന്റിന് സ്വകാര്യ ആശുപത്രിയില്‍ ഒന്നു മുതല്‍ രണ്ടുലക്ഷം രൂപവരെ വാങ്ങുന്നുണ്ട്. ഇതിനാലാണ് ഒരു സ്വകാര്യ വ്യക്തി സൂപ്രീകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അത് സംബന്ധിച്ച് വിധി ഉണ്ടാവുകയും ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരു ദിവസം വലുതും ചെറുതുമായി 20 ആന്‍ജിയോഗ്രാം ആന്‍ജിയോപ്ലാസ്റ്റി ചികില്‍സ നടക്കുന്നുണ്ട്. അതിന് ആവശ്യമായ സ്റ്റെന്റുകള്‍ പല കമ്പനികളും മുന്‍കൂട്ടി ആശുപത്രിയില്‍ എത്തിക്കുകയാണ് പതിവ് രീതി. ഇങ്ങനെ ആശുപത്രിയില്‍ ഏല്‍പ്പിച്ച 52000, 35000 രൂപ വില വരുന്ന സ്റ്റെന്റുകള്‍ക്ക് 29600 രൂപ വില നല്‍കിയാല്‍ മതിയെന്ന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കമ്പനികളുടെ പ്രതിനിധികള്‍ ഇവ തിരികെ എടുത്തുകൊണ്ടുപോയത്. എന്നാല്‍ സ്റ്റെന്റുകള്‍ എടുത്തുകൊണ്ടു പോയിട്ടും വില ഏകീകരിച്ചതിനാല്‍ കൂടുതല്‍ വില കിട്ടില്ലെന്ന് കമ്പനികള്‍ക്ക് ഉറപ്പായി. തുടര്‍ന്ന് ഒരു കമ്പനി ഒഴികെ മറ്റ് മുഴുവന്‍ കമ്പനികളും സ്റ്റെന്റുകള്‍ തിരികെ ആശുപത്രിയില്‍ കൊണ്ടുവന്ന് ഏല്‍പ്പിക്കുകയായിരുനെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it