kozhikode local

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല

കോഴിക്കോട്: ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ പിടിമുറുക്കുമ്പോഴും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല. പിഎസ്്‌സി നിയമനം, എച്ച്ഡിഎസ്് നഴ്‌സ്മാര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്. മെഡിക്കല്‍ കോളജിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുമുള്‍പ്പെടെ രണ്ടായിരത്തിലേറെ കിടക്കകളുണ്ട്.
ആവശ്യമായതിന്റെ നാലിലൊന്ന് നഴ്‌സുമാര്‍ മാത്രമേ ഇവിടെയുള്ളൂ. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉദ്ഘാടനം കഴിഞ്ഞിട്ട് പത്തു വര്‍ഷത്തിലേറെയായിട്ടും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കു മാത്രമായി ഡോക്ടര്‍മാരെയും നഴ്‌സുമാരേയും മറ്റു ജീവനക്കാരേയും പുതുതായി നിയമിച്ചിട്ടില്ല. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
നെഫ്രോളജി, കാര്‍ഡിയോളജി, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ഉദര രോഗ വിഭാഗം, പക്ഷാഘാത വിഭാഗം തുടങ്ങിയ പ്രധാന വിഭാഗങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നത്. മഴക്കാലമെത്തിയതോടെ പനിയും മറ്റു പകര്‍ച്ചവ്യാധികളും വ്യാപകമായതോടെ മെഡിക്കല്‍ കോളജാശുപത്രിയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. 3000ലേറെ പേര്‍ ഒപിയിലെത്തുകയും 2500ലേറെ രോഗികള്‍ കിടത്തി ചികില്‍സ തേടുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇതനുസരിച്ച് ജീവനക്കാരുടെ എണ്ണത്തില്‍ ഒരു വര്‍ധനയും ഉണ്ടാകുന്നില്ല. മെഡിക്കല്‍ കോളജില്‍ പുതുതായി ഓരോ വിഭാഗങ്ങള്‍ തുടങ്ങുമ്പോഴും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കുന്നതിനു പകരം നിലവിലുള്ള ജീവനക്കാരെ അങ്ങോട്ട് മാറ്റുകയാണ് പതിവ്.
നഴ്‌സുമാരുടെ ഷിഫ്റ്റ് പുനക്രമീകരിക്കാന്‍ കഴിയാത്തതിനാല്‍ സ്റ്റാഫ് നഴ്‌സുമാരുള്‍പ്പെടെ ജീവനക്കാര്‍ അത്യാവശ്യ കാരണങ്ങളാല്‍ പെട്ടെന്ന് അവധിയെടുക്കാന്‍ പോലുമാവാതെ ബുദ്ധിമുട്ടുകയാണ്. പല ജീവനക്കാരും ഇരട്ടി ഡ്യൂട്ടി ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതോടൊപ്പം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്താലെ ജീവ നക്കാരകുടെ അഭാവത്തിന് പരിഹാരമാവൂ. ഇരുനൂറിലധികം സ്റ്റാഫ് നഴ്‌സുമാരും നൂറിലേറെ നഴ്‌സിങ് അസിസ്റ്റന്റുമാരും അത്രതന്നെ അനുബന്ധ ജീവനക്കാരും ഇനിയും നിയമിക്കപ്പെട്ടാല്‍ മാത്രമേ രോഗികള്‍ക്ക് മതിയായ സേവനം ലഭ്യമാവൂ. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെയും അവസ്ഥ ഇതുതന്നെയാണ്.
മാതൃശിശു സംരക്ഷണ കേന്ദ്രം പുതുക്കി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചപ്പോഴും ജീവനക്കാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല. പ്രസവ വാര്‍ഡിലും സ്ത്രീകളുടെ ശസ്ത്രക്രിയാ വാര്‍ഡിലും ആവശ്യത്തിന് നഴ്‌സുമാരില്ലാതെ ബുദ്ധിമുട്ടുകയാണ്. മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിയിലും ഡെന്റ്ല്‍ കോളജിലും നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും അഭാവം രോഗികളെ ദുരിതത്തിലാക്കുന്നു.
Next Story

RELATED STORIES

Share it