kozhikode local

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വെന്റിലേറ്ററുകള്‍ കൂടി എത്തുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജാശുപത്രിയിലെ വെന്റിലേറ്റര്‍ ക്ഷാമത്തിനു പരിഹാരമായി 11 വെന്റിലേറ്ററുകള്‍ കൂടി എത്തുന്നു. 1.16 കോടി രൂപ ചിലവഴിച്ച് ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് വെന്റിലേറ്റര്‍ ഒരാഴ്ചക്കകം ഇവിടെയെത്തും. ജില്ലയിലെ എംഎല്‍എമാരുടെ ഫണ്ടുപയോഗിച്ചാണ് മെഡിക്കല്‍കോളജില്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നത്. ഇതു കൂടതെ കുട്ടികളുടെ വിഭാഗത്തിലേക്കുള്ള രണ്ടു വെന്റിലേറ്ററുകള്‍ കൂടി ഉടനെയെത്തും. 13 വെന്റിലേറ്ററുകളാണ് എംഎല്‍എ മാരുടെ ഫണ്ടില്‍ നിന്ന് മെഡിക്കല്‍കോളജിന് അനുവദിച്ചത്. മെഡിക്കല്‍ കോളജാശുപത്രിയിലെ വെന്റിലേറ്റര്‍ ക്ഷാമം ശ്രദ്ധയില്‍പ്പെട്ട മന്ത്രി ടി പി രാമകൃഷ്ണന്‍ അതിനു പരിഹാരമെന്ന നിലയില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ പ്രത്യേക താല്‍പര്യമെടുത്തത്. മറ്റു എംഎല്‍എമാര്‍ കൂടി പിന്തുണ നല്‍കുകയായിരുന്നു. മെഡിക്കല്‍കോളജിലെ വികസന പദ്ധതി നടപ്പാക്കാന്‍ ജില്ലയിലെ എംഎല്‍എമാരുടെ കൂട്ടായ പ്രവര്‍ത്തനംകൂടിയായപ്പോള്‍ഫലം കണ്ടു. കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവിയും മെഡിക്കല്‍കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൂപ്രണ്ടുമായ ഡോ. കെ എം കുര്യാക്കോസാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും മിക്ക സമയങ്ങളിലും ഇത് ഉപയോഗത്തിലായിരിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ വരുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ വെന്റിലേറ്റര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യത്തില്‍ രോഗികള്‍ സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്നു. സ്വകാര്യാശുപത്രികളില്‍ വന്‍തുകയാണ് ഈടാക്കുന്നത്. കഴിഞ്ഞ അറുപത് വര്‍ഷം പിന്നിടുമ്പോഴും മെഡിക്കല്‍ കോളജില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണിപ്പോഴും. രോഗികളുടെ എണ്ണം 100 ഇരട്ടി വര്‍ധിച്ചിട്ടും അതിന്റെ കാല്‍ഭാഗം സൗകര്യങ്ങള്‍പ്പോലും മെഡിക്കല്‍കോളജില്‍ ഇപ്പോഴില്ല. അത്യാഹിത വിഭാഗം ഐസിയുവിലും മെഡിസിന്‍ ഐസിയുവിലും ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലാത്തതിനാല്‍ ജീവന്‍ നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it