Kottayam Local

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫീസ് നിരക്ക് കുറച്ചു

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡെന്റല്‍ ഒഫ്ത്താല്‍മോളജി വിഭാഗങ്ങളിലെ ഫീസ് നിരക്ക് കുറയ്ക്കാന്‍ തീരുമാനം. ആശുപത്രി വികസന സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
ഈ വിഭാഗങ്ങളില്‍ പുതുതായി ആരംഭിച്ച സര്‍വീസുകളുടെ നിരക്ക് കൂടുതലാണെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. പുതിയ നിരക്കനുസരിച്ച് ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ മേജര്‍ ശസ്ത്രക്രിയകള്‍ക്കു 250 രൂപയും ചെറിയ ശസ്ത്രക്രിയകള്‍ക്ക് 100 രൂപയുമാണ് ഫീസ്. പിആര്‍പി ലേസര്‍ നാല് സിറ്റിങിന് 500 രൂപ, ഫോക്കല്‍ ലേസര്‍ 250 രൂപ, ബാരേജ് ലേസര്‍ 250 രൂപ, യാഗ് ക്യാപ്‌സൂളോട്ടമി  250 രൂപ, ഒസിടി (ഒപ്റ്റിക്കല്‍ കൊഹറന്‍സ് ടോമോഗ്രാഫി) 250 രൂപ, എഫ്എഫ്എ ടെസ്റ്റിന്  300 രൂപയും ഫീല്‍ഡ്  200 രൂപയും എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.
ബിപിഎല്‍ വിഭാഗത്തിലെ രോഗികള്‍ക്ക് എല്ലാ ചികില്‍സയും സൗജന്യമാണ്. ഡെന്റല്‍ വിഭാഗത്തില്‍  റൂട്ട് കനാല്‍ ആന്റീരിയര്‍ ചികില്‍സയ്ക്ക് 500 രൂപയില്‍ നിന്ന് 250 രൂപയായി ഫീസ് കുറച്ചിട്ടുണ്ട്. റൂട്ട് കനാല്‍ പോസ്റ്റീരിയര്‍ ചികില്‍സയ്ക്ക് 750 രൂപയില്‍ നിന്ന് 400 രൂപയായി ഫീസ് കുറച്ചു.
ഒപിജി എക്‌സ്‌റേ നിരക്ക് 300 രൂപയില്‍ നിന്ന് 150 ആയും കുറച്ചു. സ്വകാര്യ ആശുപത്രികളില്‍ ഈ ചികില്‍സകള്‍ക്ക് യഥാക്രമം 2500, 5000, 600 രൂപയാണ്. കോസ്‌മെറ്റിക് ചികില്‍സകള്‍ക്ക് നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. എങ്കിലും കോസ്‌മെറ്റിക് സര്‍ജറിക്ക് 2500 രൂപയില്‍ നിന്ന് 2000 രൂപയായി നിരക്ക് കുറച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ ചികില്‍സയ്ക്ക് 2.5 ലക്ഷം രൂപയാണ്. സ്വകാര്യ ആശുപത്രികളില്‍ 75,000 രൂപവരെ ചാര്‍ജ് ചെയ്യുന്ന മാക്‌സില്ലാ ഫേഷ്യല്‍ ട്രോമ ചികില്‍സയ്ക്കു 1500 രൂപയായി നിരക്ക് കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 2500 രൂപയായിരുന്നു. ആശുപത്രിയില്‍ മുഴുവന്‍ സമയ ലബോറട്ടറി സേവനം ലഭ്യമാക്കാനും തീരുമാനമായി. ഇതിനായി ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും. ഗൈനക്കോളജി വിഭാഗത്തില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ലഭ്യമാക്കും.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒന്നാംഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാവുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ അറിയിച്ചു.
എഡിസി (ജനറല്‍) പി എസ് ഷിനോ, ആര്‍എംഒ ഡോ. രഞ്ജിന്‍, ഐസിഎച്ച് സൂപ്രണ്ട് ഡോ. സവിത, ഡെന്റല്‍ കെയര്‍ വിദഗ്ധ ഡോ. ബീന, മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it