Flash News

മെഡിക്കല്‍ കോളജുകള്‍ക്ക് പണമില്ല

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ആരോഗ്യമേഖലയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. സാമ്പത്തികബാധ്യത മറികടക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ചികില്‍സാ പദ്ധതികളിലേക്കുള്ള ധനസഹായ വിതരണവും മരവിപ്പിച്ചു.
ഇതോടെ ദൈനംദിന ചികില്‍സയ്ക്കു വേണ്ട മരുന്നുകള്‍ വാങ്ങാന്‍ പോലും പണമില്ലാതെ മെഡിക്കല്‍ കോളജുകള്‍ പ്രതിസന്ധിയിലായി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കാരുണ്യ ഫണ്ടുകള്‍ ഇനിയും കിട്ടിയിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജിലും സമാന സ്ഥിതിയാണ്.
അതേസമയം, പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് കാരുണ്യ പദ്ധതിപ്രകാരം അനുവദിച്ച 12 കോടി രൂപ സര്‍ക്കാര്‍ റദ്ദാക്കി. ചിസ് പ്ലസ് ആരോഗ്യ ഇന്‍ഷുറന്‍സിന് അനുവദിച്ച അഞ്ചരക്കോടി രൂപ അക്കൗണ്ടില്‍ നിന്ന് തിരിച്ചെടുത്തു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്നു വാങ്ങിയ മരുന്നുകള്‍ക്കും മറ്റു ചികില്‍സ-ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കും പണം നല്‍കുന്നതും മുടങ്ങി. രണ്ടുദിവസത്തിനകം പണം അനുവദിച്ചില്ലെങ്കില്‍ ഹൃദയ ശസ്ത്രക്രിയകള്‍ക്കുള്ള സ്റ്റെന്റുകള്‍ നല്‍കുന്നത് നിര്‍ത്തുമെന്ന് വിതരണക്കാര്‍ അറിയിച്ചിരിക്കുകയാണ്. കോട്ടയത്ത് സുകൃതം പദ്ധതിക്കും ഫണ്ട് ലഭിച്ചില്ല. ഫണ്ട് ആവശ്യപ്പെട്ട് പലതവണ കത്ത് നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
കാരുണ്യ പദ്ധതിയുടെ ഫണ്ട്‌വിതരണം പല ആശുപത്രികളിലും നിലച്ചു. സൗജന്യ കാന്‍സര്‍ ചികില്‍സാ പദ്ധതിയായ സുകൃതത്തില്‍ റീജ്യനല്‍ കാന്‍സര്‍ സെന്ററിനടക്കം വന്‍തുകയാണ്  നല്‍കാനുള്ളത്.  ധനനിയന്ത്രണമുണ്ടാവുമ്പോള്‍ മറ്റ് വകുപ്പുകളുടേതെന്നപോലെ ആരോഗ്യവകുപ്പിലേക്കുള്ള ധനവിതരണവും മുടങ്ങുന്നതാണ് പദ്ധതികള്‍ താളംതെറ്റിക്കുന്നത്. അതേസമയം പ്രതിസന്ധികളുണ്ടെങ്കിലും ചികില്‍സാ പദ്ധതികള്‍ മുടങ്ങിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it