kozhikode local

മെഡിക്കല്‍ കോളജില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിലെ (ഐഎംസിഎച്ച്) കക്കൂസ് ടാങ്ക് പൊട്ടിയൊലിച്ച് പരിസരമാകെ ദുര്‍ഗന്ധം പരന്നു. ശ്വാസം മുട്ടി മൂക്ക്‌പൊത്തി രോഗികളും ആശുപത്രിയിലെത്തിയ ജനങ്ങളും പരക്കം പാഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന്മണിയോടെയാണ് ഐഎംസിഎച്ചിന്റെ മുന്‍ഭാഗത്തുള്ള കക്കൂസ് ടാങ്കിന്റെ മാന്‍ ഹോളില്‍ നിന്ന് ദുര്‍ഗന്ധം വന്നു തുടങ്ങിയത്.
ആശുപത്രി ജീവനക്കാര്‍ മാന്‍ഹോള്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ നിന്ന്  മാലിന്യം ശക്തമായി പുറത്തേക്കൊഴുകുകയായിരുന്നു. കക്കൂസ് മാലിന്യം പരിസരമാകെ പരന്നൊഴുകാന്‍ തുടങ്ങിയതോടെ ഉയര്‍ന്ന രൂക്ഷമായ ദുര്‍ഗന്ധത്തില്‍ രോഗികളും മറ്റും വലഞ്ഞു. പുറത്ത് നിറുത്തിയിട്ട വാഹനങ്ങളിലേക്കും മറ്റും മാലിന്യം ഒഴുകിയെത്തി.  എച്ച്ഡിഎസിന്റെ മരുന്ന്കടയും ലാബും സ്ഥിതി ചെയ്യുന്ന ഭാഗത്തെ കൂട്ടിരിപ്പുകാര്‍ സ്ഥിരമായി അന്തിയുറങ്ങാറുള്ള പന്തലിലേക്കും മാലിന്യം എത്തി. വൈകീട്ട് അഞ്ചര മണിയോടെ ഒരു ടാങ്കര്‍ ലോറിയില്‍ എത്തിച്ച വെള്ളമടിച്ചും ബഌച്ചിങ് പൗഡര്‍ വിതറിയും പരിസരം വൃത്തിയാക്കി തുടങ്ങിയെങ്കിലും രോഗികളും കൂട്ടിരിപ്പുകാരും ബഹളം വച്ചു. നാലു ദിവസമായി മുകളിലെ മാലിന്യ പൈപ്പില്‍ ലീക്കുണ്ടെന്നും അത് താല്‍ക്കാലികമായ അറ്റകുറ്റപ്പണി ചെയ്യാന്‍ ശ്രമം നടത്തുക മാത്രമാണ് അധികൃതര്‍ ചെയ്തതെന്നും തടിച്ചുകൂടിയ രോഗികളുടെ സഹായികളും മറ്റും പറഞ്ഞു.
നാലുദിവസം മുമ്പേ തന്നെ ദുര്‍ഗന്ധം വമിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു. ഇടയ്ക്കിടെ ടാങ്ക് പൊട്ടുമ്പോള്‍ അറ്റകുറ്റപ്പണി നടത്തിയുള്ള ചെറിയ ക്രമീകരണമാണ് ഇവിടെ നടക്കുന്നതെന്നും രോഗികളുടെ കൂടെയുള്ളവര്‍ പറഞ്ഞു.
മുകളിലുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യവും പൈപ്പിലൂടെ താഴെയുള്ള ടാങ്കിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൂടാതെ  രോഗികളും കൂട്ടിരിപ്പുകാരും ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിലെ തകരാറുകളും ഒരു പരിധിവരെ ടാങ്കുകള്‍ തടസ്സപ്പെടാന്‍ കാരണമാകുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it