Alappuzha local

മെഡിക്കല്‍ കോളജില്‍ ഫാര്‍മസി ഇനി 24 മണിക്കൂറും



അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇനി മുതല്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനം 24 മണിക്കൂറും ലഭ്യമാവും. ഇ ബ്ലോക്കില്‍ ഒപിക്കു സമീപമാണു ഫാര്‍മസി പ്രവര്‍ത്തിക്കുക. നിലവില്‍ രാവിലെയാരംഭി ക്കുന്ന ഫാര്‍മസിയുടെ പ്രവര്‍ത്തനം വൈകീട്ട് അഞ്ചിന് അവസാനിക്കും. അത്യാഹിത വിഭാഗത്തിലടക്കം ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വൈകിട്ട് അഞ്ചിന് ശേഷം മരുന്ന് ലഭ്യമാവണമെങ്കില്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ആശുപത്രി വണ്ടാനത്ത് പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ ഈ ആവശ്യം ഉയര്‍ന്നിരുന്നു.ആശുപത്രിയില്‍ 24 മണിക്കൂറും ഫാര്‍മസി പ്രവര്‍ത്തിപ്പിച്ച് രോഗികളുടെ ദുരിതം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തു നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. 28 മെഡിക്കല്‍ വിഭാഗങ്ങളുടെ ഫാര്‍മസിസ്റ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഫാര്‍മസിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുമ്പോള്‍ സഹകരിക്കാമെന്ന് ഫാര്‍മസിസ്റ്റുകള്‍ ഉറപ്പു നല്‍കിയിട്ടുള്ളതായി സൂപ്രണ്ട്  പറഞ്ഞു. തുടക്കത്തില്‍ കാര്‍ഡിയോളജി ഒപി കൗണ്ടറിനു മുന്നില്‍ രാത്രി കാലങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി പതിവുപോലെ തന്നെ പ്രവര്‍ത്തിക്കും. രാത്രികാലങ്ങളില്‍ രോഗികള്‍ക്ക് കൂടുതല്‍ പ്രയോജനം കിട്ടുന്ന രീതിയിലായിരിക്കും ഇവിടെ ഫാര്‍മസി ആരംഭിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. നാളെ  രാവിലെ 11.30ന് സി ബ്ലോക്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എന്‍ ശ്രീദേവി ഉദ്ഘാടനം നിര്‍വഹിക്കും. ഹൃദ്രോഗ വിഭാഗം മേധാവി ഡോ. കെ ശിവപ്രസാദ്, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it