മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ലാബിലേക്ക് വിടുന്നവര്‍ക്ക് എതിരേ നടപടി വേണം

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികില്‍സയ്‌ക്കെത്തുന്ന പാവപ്പെട്ട രോഗികളുടെ കൂട്ടിരിപ്പുകാരെ സ്വകാര്യ ലാബുകളിലേക്കു പറഞ്ഞുവിടുന്ന ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. രോഗികളെ സ്വകാര്യ ലാബുകളിലേക്കു ജീവനക്കാര്‍ പറഞ്ഞയക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനു നിര്‍ദേശം നല്‍കി.
നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ലാബ് പരിശോധന നടത്തിക്കൊടുക്കുന്നില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി കെ രാജു ഫയല്‍ ചെയ്ത പരാതിയിലാണു നടപടി. നിര്‍ധനരായ രോഗികള്‍ക്ക് ആശുപത്രി വികസന സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ സൗജന്യ ചികില്‍സ നല്‍കാറുണ്ടെന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കൂട്ടിരിപ്പുകാര്‍ ഇല്ലാത്തവര്‍ക്കും തിരിച്ചറിയപ്പെടാത്ത രോഗികള്‍ക്കും ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം സൗജന്യ ചികില്‍സ അനുവദിക്കാറുണ്ട്.
ലാബ് പരിശോധനയ്ക്ക് എത്തുന്ന രോഗികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്കു പറഞ്ഞുവിടാറില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
എന്നാല്‍ അര്‍ഹരായ രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കാറില്ലെന്നും ചില ലാബ് ജീവനക്കാര്‍ മോശമായി പെരുമാറാറുണ്ടെന്നും പരാതിക്കാരന്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്കും സൗജന്യ ചികില്‍സയും ലാബ് പരിശോധനയും ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it