kozhikode local

മെഡിക്കല്‍കോളജ്് ആശുപത്രിയില്‍ പൊതുശൗചാലയമില്ല

കോഴിക്കോട്: മെഡി. കോളജ് ആശുപത്രിയില്‍ പൊതുശൗചാലയമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. മെഡി. കോളജ് ഒപിയില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ഡോക്ടറെ കാത്തിരിക്കുന്ന രോഗികള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റണമെങ്കില്‍ സ്ഥലമില്ല. ഒന്നു മൂത്രമൊഴിക്കണമെങ്കില്‍ ശൗചാലയം തേടി നടക്കേണ്ട ഗതികേടിലാണ് രോഗികള്‍. സെക്യൂരിറ്റി ജീവനക്കാരുടെ കൈയും കാലും പിടിച്ച് വാര്‍ഡില്‍ പോയി വേണം കാര്യം സാധിക്കാന്‍. ആശുപത്രിക്കു പുറത്തും പൊതുശൗചാലയമില്ല.
മെഡിക്കല്‍കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ അവസ്ഥയും ഇതു തന്നെയാണ്. ഒപിയില്‍ വരുന്നവര്‍ക്ക് ഇടുങ്ങിയ മൂന്നു ശൗചാലയമാണുള്ളത്. തനിച്ച് നില്‍ക്കാന്‍ സാധിക്കാത്ത രോഗിക്ക് ശൗചാലയത്തിലേക്ക് സഹായത്തിന് ഒരാളെക്കൂടി വിളിക്കണമെങ്കില്‍ ഇതില്‍ നില്‍ക്കന്‍ സ്ഥലമില്ല. ഡയാലിസിസ് സെന്ററിനടുത്ത് ശൗചാലയം അത്യാവശ്യമാണ്. ഡയാലിസിസിന് കയറണമെങ്കില്‍ വൃത്തിയുള്ള വെള്ളവസ്ത്രം ധരിക്കണം. ആശുപത്രിയിലെത്തിയ ശേഷം മാത്രമേ വസ്ത്രം മാറാവുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളടക്കമുള്ള രോഗികള്‍ക്ക് വസ്ത്രം മാറാന്‍ സൗകര്യം ഇവിടെയില്ല. അടുത്തവാര്‍ഡിലെ ശൗചാലയത്തിലെത്താന്‍ തന്നെ അരകിലോമീറ്റര്‍ നടക്കണം. പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയവരോട് ഒപിയില്‍ വരുന്നവര്‍ക്കൊന്നും ശൗചാലയം ഉണ്ടാക്കിനല്‍കാ ന്‍ പറ്റില്ലെന്ന നിലപാടിലാണ് അധികൃതര്‍.
സൗകര്യം കൂടുതല്‍ വേണ്ടവര്‍ മറ്റെവിടെക്കെങ്കിലും പോയിക്കോളുമെന്ന തരത്തിലാണ് അധികൃതര്‍ സംസാരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി നെഫ്രോളജി, യൂറോളജി, ഒപികളില്‍ രോഗികള്‍ക്ക് മൂത്രമൊഴിക്കണമെങ്കില്‍ മണിക്കൂറുകളോളം ക്യൂനില്‍ക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും ബഹളത്തിനിടയാക്കുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നാഥനില്ലാത്ത അവസ്ഥയാണ്. പരാതി പറഞ്ഞാല്‍ നടപടിയെടുക്കാന്‍ ഇവിടെ ആളില്ല. ആയിരക്കണക്കിന് രോഗികളാണ് ദിവസേന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒപികളില്‍ എത്തുന്നത്.
Next Story

RELATED STORIES

Share it