Flash News

മെട്രോ : പാര്‍ക്കിങ് ഏരിയകളും ഉദ്ഘാടനത്തിന് സജ്ജമാക്കണം-മനുഷ്യാവകാശ കമ്മീഷന്‍



കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം നഗരത്തിലെ പാര്‍ക്കിങ് സൗകര്യങ്ങളും സജ്ജമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. എറണാകുളത്തെ വാഹന പാര്‍ക്കിങിന്റെ അപര്യാപ്തതയ്‌ക്കെതിരേ ടി കെ അബ്ദുല്‍ അസീസ് സമര്‍പ്പിച്ച പരാതിയിലാണു നടപടി. മഹാരാജാസ് കോളജ് മുതല്‍ ആലുവ വരെ മെട്രോപാതയ്ക്ക് താഴെ പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ കഴിയുമോ എന്ന് പരിശോധിച്ച് പാര്‍ക്കിങ് ഏരിയകള്‍ തയ്യാറാക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് കൊച്ചി മെട്രോ ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി.തറനിരപ്പിലും ബഹുനിലകളിലുമായി പാര്‍ക്കിങ് ഒരുക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആലുവ, തൃക്കാക്കര, കളമശ്ശേരി, കൊച്ചി നഗരസഭാ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡിന് വശത്തുള്ള കാനകള്‍ ബലപ്പെടുത്തി കാല്‍നടയ്ക്കുള്ള സൗകര്യം ഒരുക്കണം. ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുള്ളതായി പൊതുമരാമത്ത് അറിയിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് മെട്രോ റെയില്‍വേ പഠനം നടത്തിയതായി കൊച്ചി മെട്രോ ജനറല്‍ മാനേജര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. മെട്രോയും ഫീഡര്‍ ബസ്സും വരുന്നതോടെ ജനങ്ങള്‍ പൊതുവാഹനസൗകര്യം ഉപയോഗപ്പെടുത്തുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. മെട്രോ വരുമ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയും. മെട്രോ പാതയ്ക്ക് താഴെ പാര്‍ക്കിങ് അനുവദിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാവുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it