മെട്രോയില്‍ യാത്ര ചെയ്ത് ഉപരാഷ്ട്രപതി

കൊച്ചി: എറണാകുളം സുഭാഷ് പാര്‍ക്കില്‍ പ്രഭാതസവാരി നടത്തിയും കൊച്ചി മെട്രോയി ല്‍ യാത്ര ചെയ്തും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അപ്രതീക്ഷിതമായി എത്തിയ വിവിഐപിയെ കണ്ട് കുശലാന്വേഷണവുമായി പാര്‍ക്കിലെ പ്രഭാതനടത്തക്കാരും കൊച്ചി മെട്രോയിലെ യാത്രക്കാരും.
കേരള സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളത്തിലെത്തിയത്. കൊച്ചിയില്‍ ഒൗദ്യോഗിക പരിപാടികള്‍ ഒന്നുമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന് താമസം ഒരുക്കിയിരുന്നത് കൊച്ചിയിലായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രഭാതനടത്തവും കൊച്ചി മെട്രോയിലെ യാത്രയും.
ഉപരാഷ്ട്രപതിക്കൊപ്പം കൊച്ചി മേയര്‍ സൗമിനി ജെയി ന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ് എന്നിവരും പ്രഭാതനടത്തത്തില്‍ പങ്കുചേര്‍ന്നു. ഇവരെ കൂടാതെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പാര്‍ക്കിനുള്ളിലെ കായല്‍ തീരത്തോടു ചേര്‍ന്നുള്ള വാക് വേയിലൂടെയായിരുന്നു നടത്തം. കൊച്ചിയുടെ വികസനത്തെക്കുറിച്ച് ഉപരാഷ്ട്രപതി മേയര്‍, ജില്ലാ കലക്ടര്‍ എന്നിവരുമായി നടത്തത്തിനിടയില്‍ ചര്‍ച്ചചെയ്തു. വാക് വേയില്‍ നടക്കാനെത്തിയ മറ്റുള്ളവരുമായും അ ല്‍പസമയം കുശലാന്വേഷണം നടത്തി. ഇവിടുത്ത ശുചീകരണ തൊഴിലാളികളില്‍നിന്ന് അ ദ്ദേഹം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. തുടര്‍ന്ന് രാവിലെ 11 മണിയോടെയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി മെട്രോയില്‍ യാത്ര നടത്തിയത്. യാത്രയില്‍ മന്ത്രി മാത്യു ടി തോമസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
ഇടപ്പള്ളിയില്‍ നിന്നു മഹാരാജാസ് വരെയായിരുന്നു യാത്ര. യാത്രയില്‍ മെട്രോയിലെ മറ്റു യാത്രക്കാരും കുട്ടികളുമായും അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ നിന്നു തിരുവല്ലയിലെത്തി പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെ കൊച്ചിയിലെത്തിയ ഉപരാഷ്ട്രപതി വൈകുന്നേരം 4.55 ഓടെ നാവികസേനാ വിമാനത്താവളത്തില്‍നിന്നു വിമാനമാര്‍ഗം ഡ ല്‍ഹിക്കു മടങ്ങി.
മന്ത്രി മാത്യു ടി തോമസ്, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സി ന്‍ഹ, ഐജി വിജയ് സാക്കറെ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ് എന്നിവര്‍ ഉപരാഷ്ട്രപതിയെ യാത്രയയക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it