Flash News

മെക്‌സിക്കന്‍ തിരമാലയില്‍ ജര്‍മന്‍ മതില്‍ തകര്‍ന്നു

മെക്‌സിക്കന്‍ തിരമാലയില്‍ ജര്‍മന്‍ മതില്‍ തകര്‍ന്നു
X


മോസ്‌കോ: നിലവിലെ ലോക ചാംപ്യനെ ആദ്യ മല്‍സരത്തില്‍ തന്നെ പരാജയപ്പെടുത്തി മെക്‌സിക്കന്‍ അപാരത. മികച്ച പ്രതിരോധ മികവ് പുറത്തെടുത്ത മെക്‌സിക്കോ നിലവിലെ ലോക ഒന്നാം നമ്പര്‍ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മെക്‌സിക്കോയ്ക്ക് വേണ്ടി ഇര്‍വിന്‍ ലോസാനോയാണ് മെക്‌സിക്കന്‍ മതില്‍ തകര്‍ത്ത് കുത്തക പിടിച്ചെടുത്തത്.
തിമോ വെര്‍ണറെ അറ്റാക്കിങില്‍ നിര്‍ത്തി 4-2-3-1 എന്ന ശൈലിയില്‍ ജര്‍മനിയെ ജോച്ചിം ലോ കളത്തിലിറക്കിയപ്പോള്‍ വെസ്റ്റ് ഹാം താരം ചിചാരിറ്റോയെ ആക്രമണച്ചുമതലയേല്‍പ്പിച്ച് ഇതേ ഫോര്‍മാറ്റിലാണ് ഒസോരിയോ മെക്‌സിക്കോയെ വിന്യസിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ മെക്‌സിക്കോ താരം ഹിര്‍വിന്‍ ലോസാനോയുടെ മികച്ച ഷോട്ടിലൂടെ ജര്‍മനിക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ മികച്ച പ്രതിരോധ നിരയുള്ള ജര്‍മനി ഗോളനുവദിച്ചില്ല. തുടക്കം മുതല്‍ ഇരു പോസ്റ്റിലേക്കും പന്ത് മാറി മാറി എത്തുന്ന കാഴ്ചയാണ് മോസ്‌കോയിലെ ലൂഷ്‌നികി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇതിനിടെ ജര്‍മന്‍ സൂപ്പര്‍ താരങ്ങളായ ടോണി ക്രൂസും തോമസ് മുള്ളറുമെല്ലാം മെക്‌സിക്കന്‍ വല തുളക്കാനായി അത്യുഗ്രന്‍ ഷോട്ടുകള്‍ പുറത്തെടുത്തെങ്കിലും മെക്‌സിക്കന്‍ പ്രതിരോധത്തിന് മുമ്പില്‍ വിലപ്പോയില്ല. മറുവശത്ത് കൗണ്ടര്‍ അറ്റാക്കിലൂടെ നിരന്തരം ജര്‍മന്‍ ഗോള്‍മുഖത്ത് എത്തിയ മെക്‌സിക്കോയ്ക്ക് മുന്നില്‍ ജര്‍മന്‍ നായകന്‍ മാനുവല്‍ ന്യൂയറും തടസമായി നിന്നതോടെ പോരാട്ടം ചൂടേറി.
35ാം മിനിറ്റില്‍  ന്യൂയറിനെയും മറികടന്ന് ചിച്ചാറിറ്റോയുടെ അസിസ്റ്റില്‍ ഇര്‍വിന്‍ ലോസാനോ തന്നെ ജര്‍മന്‍ വല കുലുക്കുയായിരുന്നു. രണ്ട് മിനിറ്റുകള്‍ക്കകം ക്രൂസ് എടുത്ത ഫ്രീകിക്ക് മെക്‌സിക്കന്‍ പോസ്റ്റ് ബാറില്‍ തട്ടി മടങ്ങിയതോടെ ടീമിന്റെ സമനിലയാശ്വാസത്തിന് അവിടെ അവസാനം കണ്ടില്ല. തുടര്‍ന്ന് ആദ്യ പകുതിയുടെ വിസിലും മുഴങ്ങി. രണ്ടാം പകുതിയിലും പോരാട്ടം കടുത്തു. ഗോളുകള്‍ പിറക്കാതെ വന്നതോടെ ഇരു ടീമിലും അഴിച്ചു പണി നടന്നു. മെക്‌സിക്കോ 58ാം മിനിറ്റില്‍ കാര്‍ലോസ് വേലയെ വലിച്ച് എഡ്‌സന്‍ വലാസ്‌കസിനെയും ഗോള്‍സ്‌കോറര്‍ ലോസാനോയക്ക് പകരം റൗള്‍ ജിമെനസിനെയും ഗ്വാര്‍ഡാഡോയ്ക്ക് പകരം റാഫല്‍ മാര്‍ക്കസിനെയും ഇറക്കി. ജര്‍മനിയുടെ ഗോള്‍ നേട്ടത്തിനായി ജോച്ചിം ലോ ചരടു വലിക്കാന്‍ തുടങ്ങി. സാമി ഖെദീരയെ പിന്‍വലിച്ച് മാര്‍കോ റിയൂസിനെയും പ്ലാറ്റെന്‍ഹാര്‍ടടിന് പകരം മരിയോ ഡോമസിനെയും തിമോ വെര്‍ണറിന് രപകരം ജൂലിയന്‍ ബ്രാണ്ടിനെയും കോച്ച് ഇറക്കി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 66ാം മിനിറ്റില്‍ തിമോ വെര്‍ണറിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലേക്കടിച്ച് താരമത് കളഞ്ഞു കുളിച്ചു.
82ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് രണ്ടാം ഗോള്‍ വീണെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരടി വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോയത് മെക്‌സിക്കോയ്ക്ക് നിരാശ നല്‍കി. 90ാം മിനിറ്റില്‍ ജര്‍മന്‍ താരം ജൂലിയന്‍ ബ്രാന്‍ഡിന് റീബൗണ്ടിലൂടെ മികച്ചൊരു ഗോള്‍ അവസരം ലഭിച്ചെങ്കിലും താരം പുറത്തേക്കടിച്ച് വീണ്ടും ജര്‍മനിയെ സമ്മര്‍ദച്ചിലാഴ്ത്തി. എന്നാല്‍ പ്രതിരോധക്കോട്ടയോടൊപ്പം മെക്‌സിക്കന്‍ ഗോള്‍ വല കാക്കുന്ന ഒച്ചോയും ശ്രദ്ധയോടെ കളിച്ചതോടെ ആദ്യ മല്‍സരത്തില്‍ തന്നെ 1-0ന്റെ ജയവുമായി ലോക ചാംപ്യനെ പരാജയപ്പെടുത്തി കിരീടസാധ്യതയുമായി മെക്‌സിക്കോ കളി അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it