മൃതദേഹങ്ങളെല്ലാം ലഭിച്ചു; യുഎസിലേക്ക് പോവാന്‍ വിദേശകാര്യ മന്ത്രാലയം കനിയണം

കാക്കനാട്: യുഎസിലെ ഡോറ ക്രീക്കില്‍  വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ കുടുംബത്തിലെ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ വെളുപ്പിനാണ് അപകടത്തില്‍ മരിച്ച സന്ദീപിന്റെ മകന്‍ സിദ്ധാന്തിന്റെയും മൃതദേഹം കണ്ടെത്തിയതെന്ന് സൗമ്യയുടെ പിതാവ് സോമനാഥപിള്ള പറഞ്ഞു.
പടമുകള്‍ സാറ്റലൈറ്റ് ടൗ ണ്‍ഷിപ്പ് അക്ഷയയില്‍ സോ മനാഥ പിള്ളയുടെയും രത്‌നലതയുടെയും മകള്‍ സൗമ്യ(38), ഭര്‍ത്താവ് സൂറത്തില്‍ സ്ഥിരതാമസമാക്കിയ പറവൂര്‍ തോട്ടപ്പള്ളി വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ സന്ദീപ്(42), മക്കളായ സിദ്ധാന്ത്(12), സാച്ചി(ഒമ്പത്) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായതിനാല്‍ നാട്ടില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. സൗമ്യയുടെ സഹോദരന്‍ ലിഖില്‍ ഇന്നലെ വൈകീട്ടോടെ യുഎസിലേക്ക് പുറപ്പെട്ടു.  മക്കളെ അവസാനമായി ഒരുനോക്കു കാണാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കനിവും കാത്തിരിക്കുകയാണ് സൗമ്യയുടെ അച്ഛനും അമ്മയും. ഇവര്‍ അവിടെ എത്തിയ ശേഷമെ സംസ്‌കാരങ്ങള്‍ നടക്കുകയുള്ളൂ.
തിരച്ചിലില്‍ ആദ്യം സൗമ്യയുടെ ബാഗാണ് കണ്ടെത്തിയത്. അതിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് കുടുംബത്തിലുള്ള നാലു പേരുടെയും വിവരങ്ങള്‍ ലഭിച്ചത്. അതനുസരിച്ച് നടത്തിയ തിരച്ചിലിലാണ് സൗമ്യയുടെയും മകള്‍ സാച്ചിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാറ് 30 അടിയോളം താഴ്ചയുള്ള ചുഴിയില്‍പ്പെട്ടതാണ് നാലുപേരുടെയും മരണത്തിന് കാരണമായതെന്നാണു ബന്ധുക്കള്‍ അറിയിച്ചതെന്ന് സോമനാഥപിള്ള പറഞ്ഞു. കാറ് ഓടിച്ചിരുന്ന സന്ദീപും മുന്‍ സീറ്റിലിരുന്ന മകന്‍ സിദ്ധാന്തും സേഫ്റ്റി ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ പുറത്തേക്കു വീണില്ല. വെള്ളപ്പൊക്കത്തില്‍ ഒഴുക്കി ല്‍പ്പെട്ട് കാറ് മുങ്ങുന്നതായി മനസ്സിലാക്കിയ സന്ദീപ് ഭാര്യയെയും മക്കളെയും രക്ഷിക്കാന്‍ ശ്രമിച്ചു. കാറിന്റെ പിറകിലെ ഡോറിന്റെ ഗ്ലാസ് പൊട്ടിച്ചതോടെ സൗമ്യയും മകളും പുറത്തേക്കു ചാടിയെങ്കിലും രക്ഷപ്പെട്ടില്ല. പിന്നീട് മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ചുഴിയില്‍ ചെളിയും വെള്ളവും കയറി കാര്‍ താഴ്ന്നു പോയതായിട്ടാണ് അറിയാന്‍ കഴിഞ്ഞതെന്നും സോമനാഥപിള്ള പറഞ്ഞു.
സന്ദീപും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തില്‍ ഒഴുകി ഈല്‍ നദിയില്‍ കാണാതായെന്നാണ് യുഎസില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ നാട്ടില്‍ അറിയിച്ചത്. സൗത്ത് കാലഫോ ര്‍ണിയയിലെ വാലന്‍സിയയില്‍ താമസിക്കുന്ന സന്ദീപും കുടുംബവും ഒറിഗോണിലെ പോര്‍ട്‌ലാന്‍ഡില്‍ നിന്ന് സനോയിഡിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോവുമ്പോഴായിരുന്നു അപകടം.
Next Story

RELATED STORIES

Share it