wayanad local

മൂപ്പൈനാട് ക്ഷീരസംഘത്തിനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന്

കല്‍പ്പറ്റ: മൂപ്പൈനാട് ക്ഷീരോല്‍പാദക സംഘത്തിനെതിരേ കുപ്രാചരണം നടത്തുന്നത് അപഹാസ്യവും അടിസ്ഥാനരഹിതവുമാണെന്നു സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ക്ഷീരകര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കിയും സര്‍ക്കാര്‍, സര്‍ക്കാതിര സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയും പ്രവര്‍ത്തിച്ചുവരികയാണ് സംഘം. ബന്ധപ്പെട്ട അധികൃതരുടെ സാന്നിധ്യത്തിലാണ് 2016-17 വര്‍ഷത്തെ പൊതുയോഗം വിളിച്ചു ചേര്‍ത്തത്. പൊതുയോഗത്തിന് മുന്നോടിയായി 15 ദിവസം മുമ്പ് സംഘത്തിന്റെ 2017-18 വര്‍ഷത്തേക്കുള്ള കരട് ബജറ്റ് നിര്‍ദേശങ്ങളും ബുക്ക് രൂപത്തിലാക്കി സംഘത്തിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്തതാണ്. സപ്തംബര്‍ 23നു നടത്തിയ പൊതുയോഗത്തില്‍ കണക്കുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചില അംഗങ്ങള്‍ ബഹളംവയ്ക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. ക്ഷീരസംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യവും സത്യന്ധവുമാണ്. സംഘത്തിലെ മുന്‍ സെക്രട്ടറിയെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടിരുന്നു. ഇതില്‍ വൈരാഗ്യം പൂണ്ടാണ് ചിലര്‍ സംഘത്തിനെതിരേ ആരോപണമുന്നയിക്കുന്നത്. ഇതു രാഷ്ട്രീയപ്രേരിതവും വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടിയുമാണ്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി വി പൗലോസ്, ഡയറക്ടര്‍ പി പി അസൈനാര്‍, സെക്രട്ടറി കുഞ്ഞമ്മ സ്‌കറിയ, വി കെ ജയരാജന്‍, തങ്കച്ചന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it