മൂന്ന് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 10,000ഓളം കര്‍ഷകര്‍

മുഹമ്മദ് പടന്ന

മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിച്ചിരിക്കെ  മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളായ  കോണ്‍ഗ്രസ്, എന്‍സിപി, കക്ഷികള്‍ ബിജെപി സര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നു. സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നുവര്‍ഷ കാലാവധിയില്‍ പതിനായിരത്തോളം കര്‍ഷകര്‍ ഇതുവരെ ആത്മഹത്യ ചെയ്തതായി അവര്‍ ആരോപിച്ചു.ആരോപണത്തിന് വ്യക്തമായ കണക്കുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ പറഞ്ഞു. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ചായ സല്‍ക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇതേ കാലയളവില്‍ 67,000ഓളം ശിശുമരണങ്ങള്‍ നടന്നതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.6 മാസം മുമ്പ് തന്നെ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ഇടനിലക്കാരും ഉദ്യോഗസ്ഥരും  നേതാക്കളും ചേര്‍ന്ന് ഇത് അട്ടിമറിക്കുകയാണെന്നും വിധാന്‍ പരിഷത്തിലെ പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ഡെ ആരോപിച്ചു.ആറു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ഒരാനുകൂല്യവും ലഭിക്കുന്നില്ലെന്നും മുണ്ടെ കൂട്ടിച്ചേര്‍ത്തു. നാലരലക്ഷം കോടിയുടെ കടബാധ്യതയിലാണു സര്‍ക്കാരെന്നും  ആദിവാസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍  തുടങ്ങിയവരുടെ സ്ഥിതി അതിദയനീയമാണെന്നും എന്‍സിപി നേതാവും മുന്‍ ധനമന്ത്രിയുമായ അജിത് പവാര്‍ ആരോപിച്ചു. അഴിമതി, സ്വജനപക്ഷപാതം തുടങ്ങി സകല മേഖലയിലും തികഞ്ഞ പരാജയമാണ് ഫഡ്‌നാവിസ് സര്‍ക്കാര്‍ എന്നു പല അന്വേഷണ റിപോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ശക്തമായ പ്രതിഷേധവുമായി ഇത് ജനങ്ങളിലെത്തിക്കാന്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിന് കഴിയാത്തതാണ് ബിജെപിക്ക് ഗുണംചെയ്യുന്നത്. ഇത് മനസ്സിലാക്കിയാണു ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുങ്ങുന്നത്. കിട്ടുന്ന അവസരങ്ങളിലെല്ലാം ബിജെപിയെ വട്ടം കറക്കാന്‍ ഭരണകക്ഷികൂടിയായ ശിവസേനയും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it