മൂന്ന് പുതിയ സൈബര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം: എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പോലിസ് സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതു തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണു പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ സൃഷ്ടിക്കും.
നിലവില്‍ തിരുവനന്തപുരത്തു മാത്രമാണു സൈബര്‍ പോലിസ് സ്‌റ്റേഷനുള്ളത്. പുതുതായി രൂപീകരിക്കുന്ന ഓരോ സ്റ്റേഷനിലും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു എഎസ്‌ഐ, നാലു സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍, 11 സിവില്‍ പോലിസ് ഓഫിസര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാവും തസ്തികകള്‍. ഒരു എഡിജിപി/ഐജിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിയും സിഐയും അടങ്ങിയ സൈബര്‍ വിഭാഗമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ സൈബര്‍ സെല്ലുകള്‍ക്ക് കൈമാറുകയാണു പതിവ്. സൈബര്‍ സെല്ലുകള്‍ക്ക് കേസ് അന്വേഷിക്കാന്‍ മാത്രമാണ് അനുമതി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയില്ല.
മൊബൈല്‍ ഫോണ്‍ മോഷണം, വെബ്‌സൈറ്റ് ഹാക്കിങ്, സോഷ്യല്‍ മീഡിയ വഴിയുള്ള അപകീര്‍ത്തി തടയല്‍, സൈബര്‍ തീവ്രവാദം എന്നിവ അടക്കമുള്ളവയുടെ അന്വേഷണച്ചുമതല സൈബര്‍ സ്റ്റേഷനുകള്‍ക്കായിരിക്കും. സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സിആര്‍ഇസെഡ്) ക്ലിയറന്‍സിനുള്ള പരിശോധനാ ഫീസില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it