Kottayam Local

മൂന്നിലവ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരേ അന്വേഷണം

പാലാ: മീനച്ചില്‍ താലൂക്കിലെ മൂന്നിലവ് സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിക്കെതിരേ  സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സഹകരണ വകുപ്പ് അന്വേഷണം.യുഡിഎഫ് ഭരിക്കുന്ന മൂന്നിലവ് സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിക്കെതിരേ കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ സഹകരണ നിയമം റൂള്‍ 65 പ്രകാരമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി എന്നീ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തി ഭരണസമിതിയില്‍ നിന്ന് നഷ്ടം ഈടാക്കുന്ന നടപടികള്‍ നടന്നുവരികയാണ് മൂന്നിലവിലും സഹകരണ വകുപ്പ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സഹകരണ ബാങ്കിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച് തെളിവുകളോടെ സഹകരണ വകുപ്പിനു ലഭിച്ച പരാതികളില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെയും ഓഡിറ്റ് വിഭാഗം കണ്ടെത്തി നല്‍കിയ വിശദമായ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണം. സഹകരണ ബാങ്ക് അംഗങ്ങളുടെ ഇടപാടുകള്‍ക്ക് പൂര്‍ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് ബാങ്ക് അംഗങ്ങള്‍ സഹകരണ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വിഭാഗം രാഷ്ട്രീയ സ്വാധീന ശക്തികളായ ഭരണസമിതി അംഗങ്ങള്‍ നടത്തിയ ധൂര്‍ത്തും സ്വജനപക്ഷപാതപരമായ നടപടികളുമാണു ബാങ്കിനെ പ്രതിസന്ധിയിലാക്കുന്നത്.
ഭരണസമിതിയുടെ ക്രമക്കേടുകള്‍ ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിട്ടും യഥാസമയം നടപടി സ്വീകരിക്കാത്ത സഹകരണ വകുപ്പ് അധികൃതരുടെ ഉദാസീന നയങ്ങളാണു മീനച്ചില്‍ താലൂക്കിലെ സഹകരണ മേഖലയില്‍ തുടര്‍ച്ചയായ പണാപഹരണത്തിന്റെയും നിക്ഷേപ തിരിമറികളുടെയും സാഹചര്യങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നതെന്നു സഹകാരികള്‍ പറയുന്നു. ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കള്‍ ഉടന്‍ കണ്ടുകെട്ടണമെന്നും രേഖകളും തെളിവുകളും നശിപ്പിക്കാതിരിക്കാന്‍ അവ ഉടന്‍ പിടിച്ചെടുക്കണമെന്നും സഹകാരികളും നിക്ഷേപകരും ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പ് ഉന്നത രാഷ്ട്രീയ നേതാക്കളായതിനാല്‍ മേല്‍തട്ടില്‍ നിന്നു നടപടി സ്വീകരിക്കാത്തതിനാല്‍ കുറ്റവാളികള്‍ കോടികളുമായി രക്ഷപ്പെടുകയാണെന്നാണ് ആരോപണം.
മീനച്ചില്‍, പാലാ മാര്‍ക്കറ്റിങ് ഭരണസമിതിക്കെതിരേ വിവിധ അന്വേഷണ ഏജന്‍സികള്‍ കുറ്റക്കാരെന്നു കണ്ടെത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഭരണസമിതിയെ നീക്കം ചെയ്യാത്ത സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുമ്പോഴാണു മൂന്നിലവിലെ ക്രമക്കേടുകള്‍ പുറത്തു വന്നിരിക്കുന്നത്.
പര്യാപ്തമായ ഈട് ഇല്ലാതെയാണ് ആറു കോടിയില്‍പരം രൂപ ലോണ്‍ നല്‍കിയതെന്നും ഇതിന്റെ പലിശ പോലും ഈടാക്കുന്നില്ലെന്നുമാണ് ഓഡിറ്റ് റിപോര്‍ട്ടില്‍ ഉള്ളത്. ബാങ്കിന്റെ പ്രവര്‍ത്തന മികവിനായുള്ള സഹകരണ വകുപ്പിന്റെ റേഷ്യോ അനാലിസിസില്‍ 36 എണ്ണവും മൂന്നിലവ് ബാങ്ക് പാലിക്കുന്നില്ല. 2015 മുതലുള്ള സ്വര്‍ണ വായ്പകള്‍ തീപ്പാക്കുകയോ ലേലം ചെയ്യുകയോ ചെയ്തിട്ടില്ല. ലോണ്‍ അംഗീകാര നടപടികളിലും ഭരണസമിതി തീരുമാനങ്ങളിലും സെക്രട്ടറിയുടെ ഒപ്പുപോലും ഇല്ലെന്നതാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തല്‍.
Next Story

RELATED STORIES

Share it