Flash News

മൂന്നാറിനു വേണ്ടി ഒരുപകല്‍ നീണ്ട ചര്‍ച്ച ; കൈയേറ്റം ഒഴിപ്പിക്കലിന് എല്ലാവരുടെയും പിന്തുണ



തിരുവനന്തപുരം: മൂന്നാറിനുവേണ്ടി രാവിലെ 11മുതല്‍ വൈകീട്ട് ഏഴുവരെ ഒരു പകല്‍ മുഴുവന്‍ നീണ്ട ചര്‍ച്ചയായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ രാജു, എ കെ ബാലന്‍, ഇടുക്കി കലക്ടര്‍, ദേവികുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ എന്നിവരും മുഴുനീള സമയവും യോഗത്തില്‍ പങ്കെടുത്തു. നാലു ഘട്ടമായിട്ടായിരുന്നു ചര്‍ച്ച. ആദ്യം ക്ഷണിക്കപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകര്‍, പിന്നീട് പത്രാധിപന്മാര്‍, മതമേലധ്യക്ഷന്‍മാര്‍, തുടര്‍ന്ന് സര്‍വകക്ഷി യോഗം.മൂന്നാറടക്കം ഇടുക്കി ജില്ലയിലെ കൈയേറ്റമൊഴിപ്പിക്കലില്‍ സമവായമുണ്ടാക്കുന്നതിനും വിവാദങ്ങള്‍ ഒഴിവാക്കാനുമായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍കൈയില്‍ ഇത്തരമൊരു ചര്‍ച്ച സംഘടിപ്പിച്ചത്. പാപ്പാത്തിച്ചോലയില്‍ കൈയേറി നാട്ടിയ കുരിശ് പൊളിച്ചതുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിലടക്കം ഉടലെടുത്ത പ്രതിസന്ധിയും കൈയേറ്റമൊഴിപ്പിക്കലിനെതിരേ സിപിഎമ്മിലെ ഒരുവിഭാവും തന്നെ രംഗത്തെത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദവുമൊക്കെ സര്‍ക്കാരിനെ നാണക്കേടിലാക്കിയ പശ്ചാത്തലത്തില്‍, സര്‍ക്കാരിന്റെ നയം വ്യക്തമാക്കാനും അത് കൈയേറ്റമൊഴിപ്പിക്കലുമായി നേരിട്ട് ബന്ധപ്പെടുന്ന വിഭാഗങ്ങളെ ബോധ്യപ്പെടുത്താനുമായിരുന്നു ഇന്നലത്തെ ചര്‍ച്ച കൊണ്ട് ലക്ഷ്യമിട്ടത്. കൂടാതെ സര്‍ക്കാരെടുക്കുന്ന അന്തിമ തീരുമാനത്തില്‍, ഇവരില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശം കൂടി പരിഗണിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്‍മാര്‍ എന്നിവരെ വിളിച്ചതും അതുകൊണ്ടായിരുന്നു. സര്‍ക്കാരെന്താണ് ചെയ്യാന്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കൈയേറ്റമൊഴിപ്പിക്കലില്‍ നേരിടുന്ന നിയമപരവും അല്ലാത്തതുമായ പ്രതിസന്ധിയും വെളിപ്പെടുത്തി. നിയമത്തിലെ ബലക്കുറവ് കൈയേറ്റത്തിന് ഇടവരുത്തുന്നതുമൊക്കെ യോഗങ്ങളില്‍ ഉയര്‍ന്നുവന്നു. കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട.  ഇടുക്കിയില്‍ മാത്രമായി രാഷ്ട്രീയ ജീര്‍ണതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി കൈയേറിയവരോടു ദയയുണ്ടാവില്ലെന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ചു ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറിലെ കൈയേറ്റം മുഖംനോക്കാതെ ഒഴിപ്പിക്കണമെന്നും സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. മേഖലയില്‍ പാരിസ്ഥിതിക സന്തുലനം പരിപാലിക്കപ്പെടണമെന്നും ടാറ്റയടക്കമുള്ളവരുടെ വന്‍കിട കൈയേറ്റം ഒഴിപ്പിക്കണമെന്നും മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. തേജസ് എഡിറ്റര്‍ കെ എച്ച് നാസര്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ജേക്കബ് തോമസ്, ഉണ്ണി ബാലകൃഷ്ണന്‍, രാജീവ് ദേവരാജ്, ടി സി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കെ ആര്‍ അരവിന്ദാക്ഷന്‍, റോഷി അഗസ്റ്റിന്‍, ഉഴവൂര്‍ വിജയന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it