Flash News

മൂന്നാര്‍ : സര്‍വകക്ഷിയോഗം നാളെ; അഭിപ്രായവ്യത്യാസമില്ലെന്ന് കോടിയേരി ; സിപിഐ ഇടഞ്ഞുതന്നെ



തിരുവനന്തപുരം: റവന്യൂ മന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ച് മൂന്നാര്‍ ഭൂമിപ്രശ്‌നത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ എല്‍ഡിഎഫില്‍ തമ്മിലടി തുടരുന്നു. യോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സിപിഐ നേതാക്കളുടെ നിലപാട്. നാളെ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പാര്‍ട്ടി പ്രതിനിധികളാരും പങ്കെടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. അതേസമയം, ഉന്നതതലയോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നിലപാട് പരസ്യമായി പ്രഖ്യാപിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തയ്യാറായിട്ടില്ല. യോഗത്തില്‍ പങ്കെടുക്കണോ എന്നത് താന്‍ തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടാണെന്നാണ് റവന്യൂ മന്ത്രിയുടെ അഭിപ്രായം. മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ പരസ്യമായി എതിര്‍ക്കാന്‍ റവന്യൂ മന്ത്രിക്ക് കഴിയില്ല. എന്നാല്‍, പാര്‍ട്ടിയെ തള്ളി റവന്യൂ മന്ത്രി യോഗത്തില്‍ പങ്കെടുക്കാനുള്ള സാഹചര്യവുമില്ലെന്നിരിക്കെ അദ്ദേഹം നിലപാട് വ്യക്തമാക്കാത്തത് തന്ത്രപരമായ സമീപനമായാണ് കണക്കാക്കുന്നത്. സിപിഎം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്ന സിപിഐ വിമര്‍ശനം ശക്തമായിരിക്കെ, മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് സിപിഎം രംഗത്തുവന്നു. സിപിഐ നേതാവ് സി എ കുര്യനടക്കം ആവശ്യപ്പെട്ടാണ് നാളത്തെ യോഗം വിളിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ റവന്യൂ മന്ത്രിയെ മാറ്റണമെന്ന എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നിലപാട് കോടിയേരി തള്ളി. റവന്യൂമന്ത്രിയെ മാത്രമല്ല, ഒരു മന്ത്രിയെയും മാറ്റണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. മൂന്നാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചത് സിപിഐ അടക്കമുള്ള കക്ഷികള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ്. ജില്ലാതല യോഗമായതിനാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കണമെന്നില്ല. നയപരമായ കാര്യങ്ങളില്‍ സിപിഐയുമായി അഭിപ്രായവ്യത്യാസമില്ല. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ സി എ കുര്യനെ സിപിഐ താക്കീത് ചെയ്തിരുന്നു. കുര്യനൊപ്പം സര്‍വകക്ഷി നിവേദനത്തില്‍ ഒപ്പിട്ട മറ്റു മൂന്നു സിപിഐ നേതാക്കളോടും വിശദീകരണം തേടിയിരുന്നു. ദേവികുളം സബ്കലക്ടറെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മൂന്നാര്‍ ടൗണിലെ പൊതുപ്രശ്‌നമാണെന്ന് ധരിപ്പിച്ചതിനാലാണ് സഹകരിച്ചതെന്നുമാണ് കുര്യന്‍ വിശദീകരിച്ചത്. എന്നാല്‍, സിപിഐ എക്‌സിക്യൂട്ടീവില്‍ കുര്യനും മറ്റുള്ളവര്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.  അതിനിടെ, സര്‍ക്കാരിന്റെ നിലപാടുകള്‍ വിവാദമാവുന്നതിനെതിരേ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനവും മുന്നണിക്കുള്ളില്‍ വാക്‌പോരിന് ആയുധമായിട്ടുണ്ട്. തിരുവനന്തപുരത്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരേ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. എല്ലാ കാര്യങ്ങളും നിയന്ത്രിച്ചുകളയാമെന്ന ചില വിവാദ വീരന്മാരുടെ ചിന്ത മനസ്സില്‍ വച്ചാല്‍ മതി. വിവാദങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വ്യാമോഹങ്ങള്‍ നടപ്പാകാന്‍ പോവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നു. മുഖ്യമന്ത്രി പറഞ്ഞ വിവാദ നായകന്റെ തൊപ്പി തനിക്കു ചേരില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. മൂന്നാര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായമാണ് താന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുമായി മന്ത്രിക്ക് മുന്നോട്ടുപോവാം. ഒന്നാം തിയ്യതി വരെ കാത്തിരിക്കാമെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it