Flash News

മുഹമ്മദ് ഖാസിം കൊലപാതകം ആസൂത്രിതമാവാമെന്ന് ബന്ധുക്കള്‍

റെന്വോര്‍
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ഹിന്ദുത്വ ഗോരക്ഷാ അക്രമികള്‍ നടത്തിയ കൊലപാതകം ആസൂത്രിതമാവാന്‍ സാധ്യതയുള്ളതായി ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഖാസിമിന്റെ (45) കുടുംബാംഗങ്ങള്‍. മാധ്യമപ്രവര്‍ത്തകരോടും വിഷയത്തില്‍ വസ്തുതാന്വേഷണം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകരോടുമാണ് ഖാസിമിന്റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം പറഞ്ഞത്. അക്രമികളെ രക്ഷിക്കാന്‍ പോലിസ് തെറ്റായ വിവരങ്ങള്‍ വച്ച് എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ ശ്രമം നടത്തിയതായും ഖാസിമിന്റെയും ആക്രമണത്തില്‍ പരിക്കേറ്റ ഷമീഹുദ്ദീന്റെയും കുടുംബാംഗങ്ങള്‍ അറിയിച്ചു. വാഹനാപകടമെന്ന തരത്തിലാണ് പോലിസ് ആദ്യഘട്ടത്തില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയതെന്നും പിന്നീട് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അവര്‍ ആ നീക്കം ഉപേക്ഷിച്ചതെന്നും പരിക്കേറ്റു ചികില്‍സയില്‍ കഴിയുന്ന ഷമീഹുദ്ദീന്റെ സഹോദരന്‍ കമറുദ്ദീന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ ബജേര ഖുര്‍ദ് ഗ്രാമത്തില്‍ ഈ മാസം 18നാണ് മുഹമ്മദ് ഖാസിമിനു നേരെ ഹിന്ദുത്വരുടെ ആക്രമണമുണ്ടാവുന്നത്. ഖാസിം സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടിയെന്നു പറഞ്ഞു തടഞ്ഞുവയ്ക്കുകയും പിന്നീട് പശുവിനെ കൊന്നുവെന്നു പറഞ്ഞ് അക്രമികള്‍ കൂട്ടമായി മര്‍ദിക്കുകയുമായിരുന്നു.
സാദിഖ്പുര പട്ടണത്തില്‍ നിന്നുള്ള ഖാസിം 18ന് രാവിലെ ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്നാണ് ബജേര ഖുര്‍ദ് ഗ്രാമത്തിലേക്കു പോയത്. ആടുകളെയും പോത്തുകളെയും ഗ്രാമങ്ങളില്‍ നിന്നു വാങ്ങുകയും ആഴ്ചച്ചന്തകളില്‍ വില്‍ക്കുകയുമായിരുന്നു മുഹമ്മദ് ഖാസിമിന്റെ രീതി. ഇത്തരത്തില്‍ ബജേര ഗ്രമത്തില്‍ കന്നുകാലിയെ വാങ്ങാനാണ് അന്ന് ആ ഫോണ്‍കോളിനെത്തുടര്‍ന്ന് അദ്ദേഹം പുറത്തേക്കു പോയതെന്ന് ഖാസിമിന്റെ സഹോദരന്‍ പറയുന്നു. മണിക്കൂറിനുള്ളില്‍ ഖാസിം മരിച്ചുപോയെന്നു പറഞ്ഞ് പോലിസില്‍ നിന്നു ഫോണ്‍കോള്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന്, അവര്‍ മൃതദേഹം തങ്ങള്‍ക്ക് കൈമാറുകയായിരുന്നെന്നും സഹോദരന്‍ സലീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബിജെപിയുടെയോ സംഘപരിവാര സംഘടനകളുടെയോ മൂന്നു പ്രാദേശിക നേതാക്കള്‍ക്ക് ആക്രമണത്തില്‍ നേരിട്ട് പങ്കാളിത്തമുള്ളതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. കേസില്‍ അറസ്റ്റിലായ യുധിഷ്ഠിര്‍ സിങ്, രാകേഷ് സിസോദിയ എന്നിവര്‍ സംഘപരിവാര സംഘടനയായ കര്‍ഷക മോര്‍ച്ചയുടെ നേതാക്കളാണ്.
ഇവര്‍ രണ്ടുപേരെയും കൂടാതെ ബിജെപി പ്രാദേശിക നേതാവ് കിരണ്‍ പാലും ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തതായി വസ്തുതാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.
പോലിസും അഭിഭാഷകരും പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായി തന്നെ ശ്രമിക്കുന്നതായാണ് വ്യക്തമാവുന്നത്. റോഡപകടത്തിലാണ് ഖാസിം കൊല്ലപ്പെട്ടതെന്നും ഷമീഹുദ്ദീനു പരിക്കേറ്റതെന്നുമുള്ള എഫ്‌ഐആറില്‍ തങ്ങളെക്കൊണ്ട് പോലിസ് ഒപ്പുവയ്പിച്ചതായും ഇരുവരുടെയും ബന്ധുക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it