Flash News

മുസ് ലിം-ക്രൈസ്തവ കേഡര്‍മാരെ ഉണ്ടാക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് സിപിഎം പ്രവര്‍ത്തന റിപോര്‍ട്ട്

മുസ് ലിം-ക്രൈസ്തവ കേഡര്‍മാരെ ഉണ്ടാക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് സിപിഎം പ്രവര്‍ത്തന റിപോര്‍ട്ട്
X
പി എച്ച് അഫ്‌സല്‍
തൃശൂര്‍: മുസ് ലിം- ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കേഡര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ദലിതുകളടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.



അനുകൂല സാഹചര്യമുണ്ടായിട്ടും മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനായില്ലെന്നും പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സമ്മേളന കാലയളവില്‍ പാര്‍ട്ടി അംഗ സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പട്ടികജാതിപട്ടിക വര്‍ഗത്തില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായിട്ടുണ്ട്. ജാതി സംഘടനകളും, തീവ്രവാദ സംഘടനകളും, ആര്‍എസ്എസ്സും സ്വാധീനം ശക്തമാക്കിയതാണ് ഈ കൊഴിഞ്ഞു പോക്കിന് കാരണമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി.
ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ സംഘടനകളും എസ്ഡിപിഐ, വെല്‍ഫെയര്‍ ഉള്‍പ്പടേയുള്ള പാര്‍ട്ടികളും വലിയ തോതില്‍ സ്വാധീനം ഉറപ്പിച്ചു. പരിസ്ഥിതിഭൂ സമരങ്ങളില്‍ ഇത്തരം പാര്‍ട്ടികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായും ഇത് അടിസ്ഥാന ജനവിഭാഗങ്ങളെ അവരോട് അടുപ്പിക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തി. റിപ്പോര്‍ട്ട് കാലയളവില്‍ അംഗത്വം വര്‍ദ്ധിപ്പിക്കാനായെങ്കിലും അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോക്കുണ്ടായി. പൂര്‍ണ മെമ്പര്‍മാരില്‍ ഓരോ വര്‍ഷവുമുണ്ടായ കൊഴിച്ചിലിന്റെ ശതമാനം 2014-8.19, 2015-6.94,  2016-7.90, 2017-7 എന്നിങ്ങനെയാണ്. കാന്‍ഡിഡേറ്റ് മെമ്പര്‍മാരുടെ കൊഴിച്ചില്‍ 2014-21.10, 2015-20.78 എന്നിങ്ങനെയാണെങ്കില്‍ 2017ല്‍ ഇത് 22 ശതമാനമായി വര്‍ദ്ധിച്ചു.
24 ശതമാനം വരുന്ന മുസ് ലിംകള്‍ സംസ്ഥാന രാഷ്ട്രീയ സമൂഹ്യ ഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുവെന്നും എന്നാല്‍ ഇവര്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും ഗ്രൂപ്പ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ബിജെപി ഭരണത്തില്‍ മുസ് ലിംകള്‍ അരക്ഷിതരാണ്. ഈ അനുകൂല സാഹചര്യം മുതലെടുക്കാന്‍ പാര്‍ട്ടി പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്യണം. സംഘ്പരിവാര്‍ ഭീഷണി ഉയര്‍ത്തിക്കാട്ടി മുസ് ലിംകളെ കൂടെ നിര്‍ത്തുന്നതില്‍ എസ്ഡിപിഐ വിജയിച്ചു. റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍ വധക്കേസുകളില്‍ സംസ്ഥാന ഭരണത്തേയും പോലിസിനേയും പ്രതിക്കൂട്ടിലാക്കുന്ന പ്രചരണങ്ങള്‍ക്ക് എസ്ഡിപിഐയാണ് നേതൃത്വം നല്‍കിയത്. ഇതെല്ലാം മുസ് ലിംകള്‍ പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ ഇടയാക്കിയെന്നും അഭിപ്രായമുയര്‍ന്നു.

ആരാധനാലയങ്ങള്‍ മത തീവ്രവാദികള്‍ ദുര്‍വിനിയോഗം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനും മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിനും മുന്‍കൈ പാര്‍ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്്‌ലിം്രൈകസ്തവ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കേഡര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് പറഞ്ഞ റിപ്പോര്‍ട്ടില്‍ പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും മല്‍സ്യ തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ തുടങ്ങിയ പാര്‍ശ്വ വല്‍കൃത ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ നല്ല ശ്രദ്ധ വേണമെന്നും ചൂണ്ടിക്കാട്ടി.
ഗെയില്‍ സമരവും അതിനോടുള്ള സര്‍ക്കാര്‍ സമീപനവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഗെയില്‍ സമരം അടിച്ചമര്‍ത്തിയ പോലിസ് നടപടി സര്‍ക്കാറിനെ ജനങ്ങളില്‍ നിന്നും അകറ്റി. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ ഗെയില്‍ സമരം ഏറ്റെടുത്തെന്നും ഇത് മലബാറിലെ ജനങ്ങള്‍ക്കിടയില്‍ അവരുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാനത്ത് നഗരവല്‍ക്കരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുക വഴി ഇടത്തരം ജനവിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തനം സജീവമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പാര്‍ട്ടി ബ്രാഞ്ചുകള്‍ സജീവവും സക്രിയവുമല്ലെന്ന് സ്വയം വിമര്‍ശനം ഉന്നയിച്ച റിപ്പോര്‍ട്ടില്‍ സമകാലിക മാറ്റത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും നിര്‍ദേശിച്ചു. ലോക്കല്‍, ഏരിയ, ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it